ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷഹീനെ വധിച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. സൈന്യവും ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ തീരദേശ നഗരത്തിൽ കാറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷാഹിൻ കൊല്ലപ്പെട്ടതെന്ന് സൈനിക പ്രസ്താവനയിൽ പറയുന്നു.
സ്ഫോടനത്തിൽ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. സിദനിലെ മുനിസിപ്പൽ സ്പോർട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇസ്രയേൽ–ഹിസ്ബുല്ല വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിർത്തൽ കരാർ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.
ഇറാന്റെ ഒത്താശയോടെ ഇസ്രയേൽ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ ആരോപിച്ചു. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്, സിഡോണിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ഷാഹിൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അതേസമയം, നേരത്തെ ഇസ്രായേൽ ആക്രമണത്തിന്റെ ലക്ഷ്യം ഷാഹിനായിരുന്നുവെന്ന് ഹമാസ് വൃത്തങ്ങൾ നേരത്തെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: