Entertainment

പതിനാലാം വയസില്‍ സോമനുമായി വിവാഹം : അവസാനം തിരിഞ്ഞ് നോക്കിയത് കമല്‍ ഹാസന്‍ മാത്രം

Published by

മലയാള സിനിമാ ലോകത്തിനുണ്ടായ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടന്‍ എം.ജി. സോമന്റെ വേര്‍പാട്. വളരെ വൈകിയാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. എന്നിരുന്നാലും ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ് കവരാന്‍ അദ്ദേഹത്തിന് സാധിച്ചു. വില്ലനായും സ്വഭാവനടനായിട്ടുമൊക്കെ തിളങ്ങിയ സോമന്‍ 1997ലാണ് മരണപ്പെട്ടത്.

അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരം അവിടെവച്ച് മരണപ്പെടുകയായിരുന്നു. ഒട്ടനവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും സോമേട്ടനെ സഹായിക്കാന്‍ വന്നത് നടന്‍ കമല്‍ ഹാസന്‍ മാത്രമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയനടനെക്കുറിച്ച് മനസ് തുറക്കുകയാണ് സോമന്റെ ഭാര്യയും മക്കളും.

പതിനാല് വയസ്സുള്ളപ്പോഴായിരുന്നു ഞാനും സോമേട്ടനുമായിട്ടുള്ള വിവാഹമെന്ന് നടന്റെ ഭാര്യ സുജാത പറയുന്നു. അന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. സോമേട്ടന്റെ വീട്ടില്‍ വന്നതിന് ശേഷമാണ് എന്റെ പതിനഞ്ചാം പിറന്നാള്‍. അതിന് ശേഷം അദ്ദേഹം എയര്‍ഫോഴ്‌സില്‍ ജോലിയിലേക്കു പോയി. ആ കാലഘട്ടമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. പിന്നീട് സോമേട്ടന്‍ സിനിമയിലേക്ക് പ്രവേശിച്ചു. ‘ഏഴ് രാവുകള്‍’ എന്ന സിനിമയാണ് ഞാന്‍ ആദ്യമായി കണ്ടത്. അതുവരെ സിനിമകള്‍ പോലും കണ്ടിരുന്നില്ല. സോമേട്ടന്റെ കൂടെ കല്യാണം കഴിഞ്ഞ് വന്നശേഷമാണ് ഞാന്‍ എല്ലാം കാണുന്നത്.

ഒരു വര്‍ഷം നാല്‍പത്തിയെട്ട് സിനിമകളില്‍ വരെ സോമേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. രാവിലെ പോയി രാത്രി വൈകിയാണ് അക്കാലത്ത് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. തിരക്കുള്ള ജീവിതമായിരുന്നതിനാല്‍ നമുക്കും ചിലപ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു.

കമല്‍ ഹാസനും സോമേട്ടനും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയോടെ ആരംഭിച്ചതാണ്. തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് കമല്‍ ഹാസന്‍ ഇവിടെ എത്തുന്നതറിയുമ്പോള്‍ തലേദിവസം വീട്ടിലേക്ക് വിളിച്ച് പറഞ്ഞ് വിടും. അവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഭയങ്കര ഇഷ്ടം ആയിരുന്നു. സോമേട്ടന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കമല്‍ ഹാസന്‍ ഇവിടെ എത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.

ഹോസ്പിറ്റലില്‍ കിടന്ന സമയത്തും കമല്‍ ഹാസന്‍ മാത്രമാണ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങി എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമോ എന്നറിയാന്‍ ശ്രമിച്ചത്. ആ റിപ്പോര്‍ട്ടുകള്‍ അയച്ച് കൊടുത്തത് കമല്‍ ഹാസന്‍ ചെന്നൈയിലെ ഡോക്ടര്‍മാരെ കാണിച്ചു. എന്നാല്‍, കൂടുതല്‍ ചികിത്സാ മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി.

“മലയാള സിനിമയില്‍നിന്ന് പലരെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും വന്നില്ല. ചിലപ്പോള്‍ അവരുടെ തിരക്കുകള്‍ കൊണ്ടാകാം. അതൊന്നും ഞങ്ങള്‍ക്ക് കുഴപ്പമില്ല. കേരളത്തില്‍ വന്നാല്‍ കമല്‍ ഇവിടേക്കും വരാറുണ്ട്. ഒരു മാസം മാത്രമേ സോമേട്ടന്‍ ആശുപത്രിയില്‍ കിടന്നുള്ളൂ. അതിന് മുന്‍പൊന്നും ഗുരുതരമായ അസുഖം ഉണ്ടായിരുന്നില്ല,” സോമന്റെ ഭാര്യ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by