തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനയുടെ ചികിത്സയ്ക്കായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ എത്തും.
വെറ്റിലപ്പാറ, ഏഴാറ്റുമുഖം എണ്ണപ്പനത്തോട്ടത്തില്‍ പുഴയോട് ചേര്‍ന്ന ഭാഗങ്ങളിലാണ് പരിക്കേറ്റ കൊമ്പന് ഇപ്പോഴുളളത്. മുറിവില്‍ ചെളി വാരി എറിയുന്നുണ്ട്. തുമ്പിക്കൈ കൊണ്ട് മുറിവില്‍ തലോടുന്നു. ഭക്ഷണവും വെള്ളവും കുടിക്കുന്നുണ്ട്. എന്നാല്‍ ആനയുടെ ആരോഗ്യസ്ഥിതി മോശമാകുന്ന സാഹചര്യമാണുളളത്. ഈ സാഹചര്യത്തില്‍ രക്ഷാ ദൗത്യം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
ദൗത്യത്തിനായി മൂന്ന് കുങ്കിയാനകള്‍ അതിരപ്പിള്ളിയില്‍ എത്തി. വയനാട്ടില്‍ നിന്നുള്ള കുങ്കിയാനകള്‍ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും രാവിലെ വെറ്റിലപാറയിലെത്തിച്ചു. ഇന്നലെ എത്തിച്ച വിക്രത്തോടൊപ്പം മൂന്ന് കുങ്കികളെയും വെറ്റിലപ്പാറ അങ്കണവാടി പരിസരത്താണ് താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുന്നത്.
ആനയെ നിരീക്ഷിച്ചശേഷം മയക്കുവെടി വയ്ക്കുന്നതും ചികിത്സയും സംബന്ധിച്ചുള്ള നടപടികള്‍ തീരുമാനിക്കും. രണ്ടാം ദൗത്യത്തിന് പൂര്‍ണ സജ്ജമാണെന്നും നാളെ ഉച്ചയോടെ കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്റെ പണി പൂര്‍ത്തിയാക്കുമെന്നും വാഴച്ചാല്‍ ഡിഎഫ്ഒ ആര്. ലക്ഷ്മി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: