മുംബൈ: ഉദ്ധവ് പക്ഷം ശിവസേനയുടെ അടിത്തറയിളക്കാന്‍ ഏക്നാഥ് ഷിന്‍ഡെ തുടങ്ങി വെച്ച ഓപ്പറേഷന് ടൈഗര്‍ പദ്ധതി ഫലം കണ്ട് തുടങ്ങി. ഇപ്പോഴിതാ ഉദ്ധവ് താക്കറെ ശിവസേന പക്ഷമായ യുബിടിയുടെ മൂന്ന് തവണ എംഎല്‍എ ആയ രാജന് സല്‍വി ഏക്നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് എത്തി.
ഇതോടെ എപ്പോഴേ ക്ഷീണിച്ചുതുടങ്ങിയ ഉദ്ധവ് പക്ഷത്തിന്റെ അടിത്തറ ഇളകുകയാണ്. ഉദ്ധവ് പക്ഷത്തെ എംഎല്‍എമാരെയും പ്രമുഖ നേതാക്കളെയും സ്വന്തം ക്യാമ്പിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് ഏക്നാഥ് ഷിന്‍ഡേ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഓപ്പറേഷന് ടൈഗര്‍. രാജന് സല്‍വി ഷിന്‍ഡെയുടെ സാന്നിധ്യത്തില്‍ ഉദ്ധവ് താക്കറെയുടെ പക്ഷത്ത് നിന്നും മാറിയ ചടങ്ങ് ഓപ്പറേഷന് ടൈഗര്‍ പദ്ധതിയുടെ ഔദ്യോഗിക തുടക്കം കുറിക്കലായിരുന്നുവെന്ന് പറയപ്പെടുന്നു.
ഈ വര്‍ഷം മഹാരാഷ്ട്രയില്‍ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി ഷിന്‍ഡേ പക്ഷം കൂടുതല്‍ ശക്തരാവാന്‍ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായാണ് ഉദ്ധവ് പക്ഷത്തെ കരുത്തുറ്റ നേതാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമം. ഇതിനിടെ ഊഹാപോഹങ്ങള്‍ ഉയര്‍ത്തി ഉദ്ധവ് പക്ഷത്തെ എട്ട് എംപിമാര്‍ ദല്‍ഹിയില്‍ ഷിന്‍ഡേ പക്ഷത്തെ എംപിമാരുമായി ചര്‍ച്ച നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഷിന്‍ഡെപക്ഷം കേന്ദ്രമന്ത്രിയായ പ്രതാപ് റാവു ജാദവ് നടത്തിയ അത്താഴവിരുന്നില്‍ ഉദ്ധവ് പക്ഷത്തെ മൂന്ന് എംപിമാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ രാജന് സല്‍വി ഉദ്ധവ് വിഭാഗവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷിന്‍ഡേ ശിവസേന നേതാവ് കിരണ്‍ സാമന്തുമായി മൂന്ന് തവണ എംഎല്‍എ ആയ രാജന് സല്‍വി തോല്‍ക്കുകയായിരുന്നു. തന്റെ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതാവായ വിനായക് റാവുത്ത് ആണെന്ന് രാജന് സല്‍വി ആരോപിച്ചെങ്കില്‍ ഉദ്ധവ് താക്കറെ അത് തള്ളിക്കളയുകയായിരുന്നു. ഇതാണ് രാജന് സല്‍വിയെ ചൊടിപ്പിച്ചത്. ഏക്നാഥ് ഷിന്‍ഡേ ശിവസേനാപക്ഷത്തിലെ മന്ത്രിയായ ഉദയ് സാമന്തിന്റെ സഹോദരനാണ് രാജന് സല്‍വിയെ തോല്പിച്ച കിരണ്‍ സാമന്ത്. ഉദയ് സാമന്തും രാജന് സല്‍വിയും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള തര്‍ക്കം ഏക് നാഥ് ഷിന്‍ഡേയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നു. ഇതാണ് രാജന് സല്‍വിയുടെ ഏക്നാഥ് ഷിന്‍ഡേ പക്ഷത്തിലേക്കുള്ള വരവിന് വഴിതെളിച്ചത്. “ബാലാ സഹേബ് താക്കറെയുടെ കാലശേഷം ശിവസൈനികരെ വേലക്കാരെപ്പോലെയാണ് കണക്കാക്കിയത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നത്. രാജന് സല്‍വി മാറിയത് ഉദ്ധവ് താക്കറേയ്ക്ക് ആത്മപരിശോധന നടത്താനുള്ള കാരണമാവട്ടെ.”- രാജന് സല്‍വി തന്റെ പാര്‍ട്ടിയില്‍ ചേരുന്ന ചടങ്ങില്‍ പ്രസംഗിക്കവേ ഏക് നാഥ് ,ഷിന്‍ഡേ പറഞ്ഞു. സല്‍വിയുടെ കൂടുമാറ്റം ഉദ്ധവ് താക്കറേയ്ക്ക് ശരിക്കും തിരിച്ചടിയാണ്. കാരണം കൊങ്കണ്‍ മേഖലയില്‍ ഉദ്ധവ് താക്കറെയുടെ നേതൃശക്തിയായിരുന്നു രാജന് സല്‍വി. ഇപ്പോള്‍ ഉദയ് സാമന്തും രാജന് സല്‍വിയും കൈകോര്‍ത്തതോടെ ഉദ്ധവ് ഈ മേഖലയില്‍ ദുര്‍ബ്ബലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: