മലയാള സിനിമയില്‍ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതിരൂക്ഷമാണ്. നിര്‍മാതാക്കളുടെ സംഘടനയുടെ കഴിഞ്ഞ യോഗത്തില്‍ സിനിമ നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായി. നിര്‍മാണ ചെലവ് കൂടിയതോടെയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.
കൊവിഡ് കാലത്ത് ഒടിടി സജീവമായതോടെ സിനിമാ വ്യവസായത്തിന് നല്ല സാധ്യതകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ പേര്‍ നിര്‍മാണ രംഗത്തേക്ക് വന്നു. പിന്നീട് ഒടിടിയില്‍ നിന്നുള്ള വ്യവസായം കുറയാന്‍ തുടങ്ങി. അവര്‍ പഴയപോലെ സിനിമകള്‍ വാങ്ങിക്കുന്നില്ല. വാങ്ങിച്ചാല്‍ തന്നെ കാര്യമായ തുക ലഭിക്കുന്നില്ല. ഒടിടി തുടക്കകാലത്ത് പേ പെര്‍ വ്യൂ രീതിയില്‍ എട്ടുരൂപ വരെയാണ് ആമസോണ്‍ നല്‍കിയിരുന്നത്. ഇപ്പോഴത് നാല് രൂപയായി കുറച്ചു. പിന്നെ എവിടെയാണ് ലാഭം കിട്ടേണ്ടത്? തിയേറ്റര്‍ ഹിറ്റ് മാത്രം നോക്കി നിര്‍മാതാവിന് ഈ രംഗത്ത് നില്‍ക്കാനാകില്ല. അല്ലെങ്കില്‍ അത്രയും വലിയ വിജയമാകണം. അപ്പോഴും നിര്‍മാണ ചെലവ് വെല്ലുവിളിയാണ്. ചെലവ് കുറച്ചെടുത്താല്‍ മാത്രമെ തിയേറ്ററില്‍ നിന്നും ഒടിടി, സാറ്റലൈറ്റ് അവകാശം എന്നിവ കൊണ്ട് നിര്‍മാതാവിന് ലാഭം ഉണ്ടാകൂ.
ചിത്രീകരണത്തിന് കൂടുതല്‍ സമയം എടുക്കുന്നതാണ് നിര്‍മാണ ചെലവ് കൂടാന്‍ പ്രധാനകാരണം. 70 മുതല്‍ 80 ദിവസം കൊണ്ട് ഷൂട്ടിങ്ങ് തീര്‍ക്കാന്‍ പറ്റുന്ന സിനിമകള്‍ 100-150 ദിവസവുമൊക്കെ ഷൂട്ടിങ്ങ് നടക്കുകയാണ്. 70-80 സീനുകള്‍ മാത്രമേ സിനിമയില്‍ വരൂ. പണ്ടുകാലത്ത് 35 ദിവസം കൊണ്ടൊക്കെ സിനിമ പൂര്‍ത്തിയാക്കാറുണ്ട്. അതിരാവിലെ തുടങ്ങി രാത്രി 9 മണിയോടെയൊക്കെ അതത് ദിവസത്തെ ചിത്രീകരണം അവസാനിപ്പിക്കുന്നതായിരുന്നു രീതി. ഇന്ന് ചിത്രീകരണത്തിന്റെ ദൈര്‍ഘ്യം കൂടുകയാണ്. അങ്ങനെ കൂടുമ്പോള്‍ നഷ്ടം വരുന്നത് പ്രൊഡ്യൂസര്‍ക്കും. ബുക്ക് മൈ ഷോയിലും മറ്റും ആദ്യ ദിനത്തില്‍ തന്നെ റേറ്റിങ് കൂടാന്‍ ടിക്കറ്റെടുത്തു ആളുകള്‍ക്ക് സൗജന്യമായി നല്‍കേണ്ട അവസ്ഥയിലാണ് നിര്‍മാതാവ്. പത്തും ഇരുപതും ടിക്കറ്റ് നല്‍കിയാല്‍ നാലോ അഞ്ചോ പേരൊക്കെയാണ് വരുന്നത്. അവിടെയും നഷ്ടം നിര്‍മാതാവിനു തന്നെ.
വായ്പ എടുത്തിട്ടാണ് പലരും നിര്‍മാണത്തിലേക്ക് വരുന്നത്. മിനിമം 4 ശതമാനം വരെയാണ് മാസം പലിശയായി ഈടാക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ ഫിനാന്‍സിയേഴ്സിനെ സെറ്റില്‍ ചെയ്യണം. മുന്‍കാലങ്ങളില്‍ തിയേറ്ററില്‍ നിന്ന് നി
ര്‍മാതാവിന് അഡ്വാന്‍സ് ലഭിച്ചിരുന്നു. ഇന്ന് ആ രീതിയില്ല. റിലീസിന് മുമ്പ് ഒടിടി ബിസിനസോ മറ്റോ നടന്നാലും ഗഡുക്കളായാണ് അവര്‍ തുക തരുന്നത്. ഫിനാന്‍സിയേഴ്സിനെ സെറ്റില്‍ ചെയ്യുന്നതിന് വേറെ വഴി കാണണം.
സിനിമയുടെ കണക്കുകളെപ്പറ്റി ആധികാരികമായി പറയേണ്ടത് നിര്‍മാതാക്കളാണ്. പക്ഷേ സംവിധായകരും നടന്മാരും പറയുന്ന കണക്കുകളാണ് ജനം കേള്‍ക്കുന്നത്. സംവിധായകര്‍ പറയുന്ന കോടിക്കണക്കുകള്‍ നിര്‍മാതാക്കളുടെതല്ല. മലയാള സിനിമയില്‍ നൂറു കോടി ക്ലബ് വെറും പൊള്ളയാണ്. താരങ്ങള്‍ക്ക് മൂല്യം കൂട്ടാനുള്ള മാര്‍ഗം മാത്രമാണിത്. പരമാവധി 40 കോടിയാണ് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. ഇല്ലാത്ത കോടികളുടെ കണക്ക് പറയുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പരിശോധന നേരിടേണ്ടി വരുന്നതും നിര്‍മാതാക്കളാണ്. 100 കോടി കളക്ഷന്‍ നേടിയെന്നവകാശപ്പെടുന്ന ചിത്രത്തിന് 30-35 കോടിക്കടുപ്പിച്ചാണ് നിര്‍മാതാവിന് ലഭിക്കുന്നത്. അതില്‍ നിര്‍മാണ ചെലവ് 25 കോടി വരെയൊക്കെയുണ്ടാകും. അത് മാറ്റിയാല്‍ ആകെ വരുന്നത് 5-10 കോടിയാണ്. ഒടിടിയും സാറ്റലൈറ്റ് അവകാശവും ചേരുമ്പോള്‍ നിര്‍മാതാവ് സുരക്ഷിതനാകും. പക്ഷെ ഇത് എല്ലാ ചിത്രത്തിനും ലഭിക്കുന്നില്ല. വല്ലപ്പോഴും മാത്രമാണ് സംഭവിക്കുന്നത്.
കണക്കുകളെക്കുറിച്ച് ആധികാരികമായി നിര്‍മാതാക്കള്‍ സംസാരിച്ചിട്ടില്ല. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവണതയ്‌ക്ക് മാറ്റം വരുത്താന്‍ ‘വെള്ളിത്തിര’ എന്ന പേരില്‍ നിര്‍മാതാക്കളുടെ സംഘടന ചാനല്‍ ആരംഭിക്കും. അതുവഴി ഒരോ സിനിമയുടെയും കൃത്യമായ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിടും.
മലയാള സിനിമയ്‌ക്ക് 100 വയസ്സ് തികയാന്‍ പോകുന്നു. 1928ലാണ് നമ്മള്‍ സിനിമ തുടങ്ങിയത്. 48 മുതലാണ് ഒരു വ്യവസായത്തിലേക്ക് മാറുന്നത്. അന്നുതൊട്ട് ഇന്നുവരെ സംഘടനയുടെ കണക്കനുസരിച്ച് 6000 ത്തോളം നിര്‍മാതാക്കള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ 27 നിര്‍മാതാക്കള്‍ മാത്രമാണ് രക്ഷപ്പെട്ടിട്ടുളളത്. ബാക്കിയുള്ളവര്‍ എവിടെപ്പോയി? കഴിഞ്ഞ വര്‍ഷം പരാജയം നേരിട്ടത് 174 നിര്‍മാതാക്കള്‍ക്കാണ്. സിനിമ എന്നുപറയുന്നതില്‍ ഒരു കൂട്ടുത്തരവാദിത്വമുണ്ട്. പടം വിജയിച്ചാല്‍ ഗുണം ലഭിക്കുന്നത് പോലെ പരാജയപ്പെട്ടാല്‍ പ്രതിഫലം കുറയ്‌ക്കാനും സംവിധായകരും താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തയ്യാറാകണം. ലാഭം ലഭിക്കുന്ന താരങ്ങള്‍ നഷ്ടം സഹിക്കാനും തയ്യാറാവണം. പണ്ട് കാലത്ത് നസീര്‍ സാറും മറ്റ് ഭാഷകളിലെ താരങ്ങളുമൊക്കെ അങ്ങനെ ചെയ്ത് മാതൃകയായിരുന്നു.
നിര്‍മാതാക്കളുടെ ഭാഗം സംഘടനയ്‌ക്ക് വേണ്ടി താന്‍ അവതരിപ്പിച്ചതിന് ചിലര്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അസത്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇന്ന് മലയാള സിനിമയില്‍ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാത്രമാണ് പറഞ്ഞത്. ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല ഞാന്‍ മുന്നോട്ട് ഇറങ്ങിയത്. പ്രമുഖ നിര്‍മാതാക്കള്‍ക്കടക്കം ഇവിടുത്തെ താരങ്ങളെ പേടിയാണ്. പക്ഷെ എനിക്കതില്ല. പറയാനുള്ളത് ഞാന്‍ പറയും. ആരോടായാലും. പ്രശ്നം പരിഹരിച്ചിട്ടേ പിന്‍വാങ്ങുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: