കോഴിക്കോട് : മകളുടെ ഭര്‍ത്താവ് സാമിനെ ബിസിനസിലേക്ക് പ്രവേശിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍. വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടതാകാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. കുംഭമേളയിലെ വെള്ളാരങ്കണ്ണുള്ള മോനി ഭോസ്ലെ എന്ന മാലവില്‍ക്കാന്‍ വന്ന പെണ്‍കുട്ടിയെ തന്റെ കോഴിക്കോട് തുറന്ന പുതിയ ജ്വല്ലറിയുടെ ബ്രാന്‍റ് അംബാസഡറായി ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മരുമകനെ ബിസിനസില്‍ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതായി ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചത്.
‘ഇത് സാം, എന്റെ മരുമകനാണ്. ആള്‍ ഒരു പൈലറ്റാണ്. കുറച്ച് അഭിനയവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പിടിച്ച് ബിസിനസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബിസിനസില്‍ ഞങ്ങളെ സഹായിക്കാന്‍ ഇനി ഇദ്ദേഹവും ഉണ്ടാകും. അദ്ദേഹം ചാർജ് ഏറ്റെടുത്ത് കഴിഞ്ഞു’- സാമിനെ പരിചയപ്പെടുത്തിക്കൊണ്ട് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ക്വീന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച സാം ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ചില പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിടെയാണ് അതിനാടകീയമായി ബോബി ചെമ്മണ്ണൂർ മകള്‍ അന്നയുടെ ഭർത്താവ് സാം സിബിനെ ബിസിനസിലേക്ക് കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയത്. ബോബി ചെമ്മണ്ണൂരിനൊപ്പം വാർത്താ സമ്മേളനത്തില്‍ സാമും പങ്കെടുത്തിരുന്നു. സാമിനെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പ്രധാന ചുമതല ബോബി ഏല്‍പ്പിച്ചതായി ബോബി പ്രഖ്യാപിച്ചു. ഇതോടെ ബോബി ബിസിനസ് രംഗം വിട്ടേക്കുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.
കോഴിക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് വന്ന മോനി ഭോസ്ലെയ്‌ക്ക് 15 ലക്ഷം രൂപയാണ് ബോബി ചെമ്മണ്ണൂര്‍ നല്‍കിയത്. നടി ഹണി റോസ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിയില്‍ കേസ് നല‍്കിയതിനെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: