കാഠ്മണ്ഡു : നേപ്പാളിന്റെ ഹിന്ദു രാഷ്‌ട്ര പദവി അവസാനിപ്പിച്ച് മതേതര രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നതിനു പിന്നിലെ യുഎസ് ധനസഹായത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി എംപി ഞായറാഴ്ച സഭയിൽ ആവശ്യപ്പെട്ടു. നേപ്പാളിന്റെ ഹിന്ദു രാഷ്‌ട്രമെന്ന പദവി നശിപ്പിക്കാനും മതപരിവർത്തനം നടത്താനും 100 മില്യൺ ഡോളറിന്റെ യുഎസ് ധനസഹായം അടുത്തിടെ വരെ ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ച പ്രതിനിധി സഭയിലെ ശൂന്യവേളയിൽ രാഷ്‌ട്രീയ പ്രജാതന്ത്ര പാർട്ടി എംപി ധവാൽ ഷംഷേർ റാണയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നേപ്പാളിന്റെ ഹിന്ദു രാഷ്‌ട്രമെന്ന ഭരണഘടനാ പദവി അവസാനിപ്പിച്ച് മതേതര രാജ്യമായി പ്രഖ്യാപിക്കാനും മതപരിവർത്തനത്തിനായും ഇതുവരെ 100 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഈ വിഷയം അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതൊക്കെ നേതാക്കൾക്കാണ് അമേരിക്കൻ ധനസഹായം ലഭിച്ചതെന്ന സത്യം രാജ്യത്തിനും ലോകത്തിനും മുന്നിൽ വെളിപ്പെടുത്തണമെന്നും എംപി റാണ പറഞ്ഞു. നേപ്പാളിലെ പൊതു പ്രസ്ഥാനത്തിൽ ഒരിക്കലും ഹിന്ദു രാഷ്‌ട്രം അവസാനിപ്പിച്ച് മതേതര രാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് രാജവാഴ്ച അവസാനിച്ചതിനുശേഷം ചില പ്രധാന പാർട്ടികളുടെ ഒരു ഡസൻ നേതാക്കൾ ഇടക്കാല ഭരണഘടന പ്രഖ്യാപിച്ചതായും അതിൽ നേപ്പാളിനെ മതേതര രാഷ്‌ട്രമായി പ്രഖ്യാപിച്ചതായും എംപി റാണ പറഞ്ഞു.
ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് എംപി റാണ സർക്കാരിനോട് ആവശ്യപ്പെട്ടു. ലോകത്തിലെ ഏക ഹിന്ദു രാഷ്‌ട്രമായി നേപ്പാൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മതേതരത്വം നിരാകരിക്കണമെന്നും രാജ്യത്തെ വീണ്ടും ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും പാർലമെന്റിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: