ന്യൂദല്‍ഹി: നാവിക സാഗര്‍ പരിക്രമ 2ന്റെ ഭാഗമായി പായ്വഞ്ചിയില് ലോകം ചുറ്റുന്ന ഭാരത വനിതാ നാവികര്‍ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. ഇത്തവണ തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള കേപ് ഹോണ്‍ ഇവര്‍ ഐഎന്എസ്വി തരിണിയില്‍ മറികടന്നു. പര്യവേഷണത്തിന്റെ മൂന്നാം പാദത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് മലയാളി ലഫ്. കമാന്‍ഡര്‍ കെ. ദില്‍നയും ലഫ്. കമാന്‍ഡര്‍ എ. രൂപയും കേപ് ഹോണ്‍ മുറിച്ചുകടന്നത്. ഇതോടെ കേപ് ഹോണ്‍ മറികടക്കുന്ന യാത്രികരുടെ എലൈറ്റ് ഗ്രൂപ്പില്‍ ഭാരതത്തിന്റെ വനിതാ നാവികര്‍ ഇടംപിടിച്ചു.
അതിശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും പ്രവചനാതീതമായ കാലാവസ്ഥയ്ക്കും പേരുകേട്ട അപകടം നിറഞ്ഞ ഡ്രേക്ക് പാസേജ് എന്നറിയപ്പെടുന്ന കടല്‍പ്പാതയിലൂടെയാണ് ഐഎന്എസ്വി തരിണിയും നാവികരും മുന്നേറിയതെന്ന് നാവികസേന അറിയിച്ചു. തെക്കേ അമേരിക്കയുടെ തെക്ക് തുറന്ന കടല്പ്പാതയുണ്ടെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് പര്യവേഷകന് സര് ഫ്രാന്‍സിസ് ഡ്രേക്കിന്റെ പേരിലാണ് ഈ കടല്‍പ്പാത അറിയപ്പെടുന്നത്. അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ് കേപ് ഹോണ്‍. ഇതുവഴിയുള്ള യാത്രയ്ക്ക് അസാധാരണ നാവിഗേഷന്‍ വൈദഗ്ധ്യവും തെക്കന്‍ സമുദ്രത്തിലെ സവിശേഷ മാറ്റങ്ങള്‍ മനസിലാക്കി മുന്നേറാനുള്ള കരുത്തും ആവശ്യമാണെന്ന് നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഗോവയിലെ ഐഎന്എസ്വി മണ്ഡോവിയില് നിന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ്കുമാര്‍ ത്രിപാഠിയാണ് ഐഎന്എസ്വി തരിണിയിലുള്ള നാവിക സാഗര്‍ പരിക്രമ2 പര്യവേഷണം ഫഌഗ് ഓഫ് ചെയ്തത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും മൂന്ന് സമുദ്രങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ മൂന്ന് മുനമ്പിലൂടെയും 240 ദിവസങ്ങള്‍ കൊണ്ട് 23,400 നോട്ടിക്കല്‍ മൈലുകള്‍ സഞ്ചരിക്കുക എന്നതാണ് പര്യവേഷണ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: