കോട്ടയം: സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിംഗിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കാന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്സണ്(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനമാണ് വിലക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നഴ്സിംഗ് കൗണ്‍സിലിന്റെ തീരുമാനം കോളേജിനെ അറിയിച്ചു. പ്രതികളെ നേരത്തെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷനില്‍ തീരേണ്ട കാര്യമല്ല ഇതെന്നും മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു.
റാഗിംഗിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാള്‍, അസി. പ്രൊഫസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: