ജുനഅഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയ സ്വാമി ആനന്ദവനം ഭാരതി മലയാളികള്‍ക്കായി കാളികാപീഠം ഒരുക്കിയ ശിബിരം ഉദ്ഘാടനം ചെയ്യുന്നു. മറ്റൊരു മഹാമണ്ഡലേശ്വരായ സ്വാമി അവന്തികാഭാരതിയേയും കാണാം.
പ്രയാഗ് രാജ് : പുണ്യസ്ഥലമായ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ ഇക്കുറി കേരളത്തില്‍ നിന്നുള്ളവരുടെ സജീവസാന്നിധ്യം. ഇക്കുറി മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്ത് മടങ്ങിയത് ആയിരക്കണക്കിന് മലയാളികള്‍. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, കാനഡ, യുകെ, അമേരിക്ക, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും മഹാകുംഭമേളയിലേക്ക് മലയാളികള്‍ പറന്നെത്തിയിരുന്നു. അവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും താമസിക്കാനും ഭക്ഷണം കഴിക്കാനും സുരക്ഷിതമായി ത്രിവേണീസംഗമത്തില്‍ സ്നാനം ചെയ്ത് മടങ്ങാനും സഹായകരമായത് പ്രയാഗ് രാജില്‍ ജുന അഖാഡയുടെ സഹായത്തോടെ കാളികാപീഠം ഉയര്‍ത്തിയ ടെന്‍റുകളാണ്. തൃശൂര്‍ തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനം കേന്ദ്രമായയുള്ളതാണ് ‘കാളികാപീഠം’
ചരിത്രത്തില്‍ ആദ്യമായി മഹാകുംഭമേളയില്‍ ഒരു സംവിധാനമൊരുക്കി കാളികാപീഠം. മഹാകുംഭമേളയില്‍ സെക്ടര്‍ 12ലാണ് ഈ ശിബിരം നടക്കുന്നത്. ജുന അഖാഡയിലെ മഹാമണ്ഡലേശ്വറും മലയാളിയുമായ സ്വാമി ആനന്ദവനം ഭാരതിയാണ് കാളികാപീഠത്തിന്റെ ഈ ശിബിരത്തിന് അനുഗ്രഹാശ്ശിസ്സുകള്‍ നല്‍കുന്നത്.
ഇതുവരെ ആയിരക്കണക്കിന് മലയാളികളാണ് ഈ ശിബിരത്തില്‍ വന്ന് താമസിച്ച് മഹാകുംഭമേളയുടെ പുണ്യം നുകര്‍ന്നിരുന്നു. സാധാരണ കുംഭമേളകളില്‍ സാധാരണ കേരളത്തില്‍ നിന്നും നൂറോ ഇരുന്നൂറോ പേര്‍ മാത്രമാണ് വന്നിരുന്നത്. എന്നാല്‍ ഇത്തവണ ആയിരക്കണക്കിന് പേരാണ് ഇവിടെ എത്തി ശിബിരത്തില്‍ വന്ന് പങ്കെടുക്കുന്നത്.
യുകെ, കാനഡ, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ ഇക്കുറി മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു. കാളികാപീഠത്തിന്റെ പ്രവര്‍ത്തകരാണ് മഹാകുംഭമേളയില്‍ കേരളത്തില്‍ നിന്നും ഒരു ശിബരം നടത്താം എന്ന ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത്. അത് ജുന അഖാഡയിലെ മഹാമണ്ഡലേശ്വറായ മലയാളി കൂടിയായ സ്വാമി ആനന്ദവനം അനുവദിക്കുകയായിരുന്നു. അതോടെയാണ് ഇത്തരമൊരു ശിബിരം യാഥാര്‍ത്ഥ്യമായത്.
ഏകദേശം പത്ത് ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. ആയുര്‍വേദത്തിനും പ്രത്യേക ക്യാമ്പുണ്ട്. ഇവിടേക്കാണ് മഹാകുംഭമേളയില്‍ പങ്കെടുക്കാനും താമസിക്കാനുമായി മലയാളികള്‍ എത്തുന്നത്. ദിവസേന 15000 മലയാളികള്‍ എത്തുന്നുവെന്ന് ഈ ശിബിരത്തിന്റെ ചുമതലയുള്ളവര്‍ പറയുന്നു.
കേരളത്തില്‍പോലും ഇതുപോലെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസം ഒരുക്കാന്‍ പ്രയാസമാണെന്നും എന്നാല്‍ മഹാകുംഭമേളയിലെ ഈ മലയാളികള്‍ക്കുള്ള ക്യാമ്പ് മികച്ചതാണെന്ന് ഇവിടെ എത്തിയ സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്ത്രീയ്‌ക്ക് ഒറ്റയ്‌ക്ക് വന്ന് ഇവിടെ എത്തി താമസിച്ച് സ്നാം ചെയ്ത് മടങ്ങാന്‍ കഴിയുമെന്ന് സ്ത്രീകള്‍ പറയുന്നു. ജുന അഖാഡയുമായി ബന്ധപ്പെട്ടാണ് പലരും ഈ ക്യാമ്പിലേക്ക് എത്തുന്നത്. ജുന അഖാഡയിലെ ആനന്ദവനം സ്വാമിയിലൂടെ കേരളത്തിന് കിട്ടിയ മഹാഅനുഗ്രഹമാണിതെന്നും ഭക്തകള്‍ പറയുന്നു. ഒരു ദിവസത്തേക്ക് വന്ന കേരളത്തിലെ സ്ത്രീകള്‍ ഒരു മാസം വരെ താമസിക്കുന്നു. വീട്ടില്‍ പോലും ജനാലയ്‌ക്ക് കൊളുത്തിട്ടോ എന്നൊക്കെ ആശങ്കയുണ്ടാകാമെങ്കില്‍ ഇവിടെ ഒരു ആശങ്കയും ഇല്ലാതെ കിടന്നുറങ്ങാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നതായി ഭക്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴുള്ള ടെന്‍റുകളില്‍ ദിവസവും 200 പേരോളം രാത്രി താമസിക്കുന്നു. വന്നുപോകുന്ന ആയിരങ്ങള്‍ വേറെ.
തൃശൂര്‍ തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനം കേന്ദ്രമായയുള്ള ‘കാളികാപീഠം’ ദക്ഷിണഭാരതത്തിലേക്കു കൂടി അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പരിശ്രമിച്ചുവരുന്ന സംഘമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക