കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. അഞ്ചുപേരാണ് അറസ്റ്റിലായതെങ്കിലും സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടാകാമെന്നാണ് പോലീസിന്റെ സംശയം. പ്രതികളെ ചോദ്യം ചെയ്ത അന്വേഷണ സംഘം വാര്ഡന്, പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.
ഹോസ്റ്റല്‍ വാര്‍ഡന്റെ മൊഴിയില്‍ പോലീസിന് വിശ്വാസമില്ല. അസി. വാര്‍ഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യും. രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നാണ് വാര്‍ഡന്റെ മൊഴി. പ്രതികള്‍ ഹൗസ് കീപ്പറെ ഭീഷണിപ്പെടുത്തിയോ എന്ന സംശയവും പോലീസിനുണ്ട്. ഹോസ്റ്റലില്‍ മുഴുവന്‍ സമയ വാര്ഡന് ഇല്ലാത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പലപ്പോഴും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആണ് ഹോസ്റ്റല്‍ നിയന്ത്രിച്ചിരുന്നത്. ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തുള്ള മുറിയിലാണ് അതിക്രൂരമായ റാഗിങ് നടന്നത്.
അതിനിടെ റാഗിങ്ങിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ നാണംകെട്ട് തലതാഴ്ത്തുകയാണ് ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ. എസ്എഫ്ഐയുടെ പോഷക സംഘടനയായ നഴ്സിങ് സ്റ്റുഡന്‍സ് സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ് മുഴുവന്‍ പ്രതികളും. വെട്ടിലായ എസ്എഫ്ഐ നേതൃത്വം ഇന്നലെ എബിവിപിയുടെയും കെഎസ്യുവിന്റെയും പ്രതിഷേധങ്ങള്‍ക്ക് ശേഷം നഴ്സിങ് കോളജിന് മുമ്പില്‍ പ്രഹസന സമരവും നടത്തി.
കോളജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയുമ്പോഴും എസ്എഫ്ഐ പാനലെന്ന പേരിലാണ് ഇവരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, വോട്ട് തേടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: