ന്യൂദല്‍ഹി: മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ അപഹാസ്യനായത് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. കഴിഞ്ഞ ആഴ്ചയാണ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ പങ്കെടുത്തതിനെ രാഹുല്‍ഗാന്ധി ലോക് സഭയില്‍ വലിയ വായില്‍ വിമര്‍ശിച്ചത്.
നമ്മുടെ ടെക് നോളജിയും ഉല്‍പാദനഫാക്ടറികളും മികച്ചതെങ്കില്‍ ട്രം ഇന്ത്യയില്‍ വരുമെന്നും മോദിയെ അമേരിക്കയിലേക്ക് ക്ഷണിക്കണമെന്ന് അപേക്ഷിക്കാന്‍ നമ്മുടെ വിദേശകാര്യമന്ത്രിയെ അമേരിക്കയില്‍ ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് അയയ്‌ക്കേണ്ടിയിരുന്നില്ലെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അന്ന് ലോക് സഭയില്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചിരുന്നു. യുഎസിലേക്ക് താന്‍ 2024 ഡിസംബറില്‍ നടത്തിയ യാത്രയെക്കുറിച്ച് രാഹുല്‍ ഗാന്ധി ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നായിരുന്നു ജയശങ്കറിന്റെ വിമര്‍ശനം. ബൈഡന്‍ ഭരണത്തിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും ആഭ്യന്തരസെക്രട്ടറിയേയും കാണാനാണ് താന്‍ പോയതെന്ന് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. “തന്റെ അവിടുത്തെ താമസത്തിനിടയില്‍ പുതുതായി ചുമതലയേറ്റ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും കണ്ടു. തന്റെ യാത്രയുടെ ഒരു ഘട്ടത്തിലും മോദിയുടെ അമേരിക്കയിലേക്കുള്ള ക്ഷണം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ ഇത്തരം ചടങ്ങളില്‍ സാധാരണയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന കീഴ്വഴക്കം ഇന്ത്യയില്‍ ഇല്ല.പകരം പ്രത്യേക പ്രതിനിധിയെ അയയ്‌ക്കുകയാണ് പതിവ്.രാഹുല്‍ ഗാന്ധിയുടെ നുണ രാഷ്‌ട്രീയനേട്ടത്തിന് വേണ്ടിയാകാം.പക്ഷെ വിദേശരാഷ്‌ട്രങ്ങള്‍ക്കിടയില്‍ അത് ഇന്ത്യയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി.” – രാഹുല്‍ ഗാന്ധിയുടെ അറിവില്ലായ്മയേയും അത് വരുത്തിവെച്ച വിനയേയും വിമര്‍ശിച്ച് ജയശങ്കര്‍ അന്ന് ചൂണ്ടിക്കാട്ടിയത് ഇതാണ്.
ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ ഈ വിമര്‍ശനത്തിന് ഒരാഴ്ച കഴിയുമ്പോഴേക്കും അമേരിക്കന്‍ പ്രസിഡന്‍റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ആ കൂടിക്കാഴ്ചയില്‍ 175 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ സ്ഫോടനപരമ്പരയിലെ മുഖ്യആസൂത്രകനായ പാകിസ്ഥാന്‍ പൗരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാനുള്ള കരാറില്‍ ട്രംപ് ഒപ്പുവെച്ചു എന്നത് ഇന്ത്യയുടെ വലിയ നയതന്ത്രവിജയമാണ്. അമേരിക്കയുടെ ഏറ്റവും പുതിയ യുദ്ധവിമാനമായ എഫ്-35 ഇന്ത്യയ്‌ക്ക് കൈമാറാന്‍ ട്രംപ് സമ്മതിച്ചു എന്നതും മോദിയുടെ സന്ദര്‍ശനത്തിന്റെ വലിയ വിജയമാണ്. മോദി മഹാനാണെന്നും ഇന്ത്യയില്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്ന നേതാവാണെന്നും മോദിയും ട്രംപും പങ്കെടുത്ത യോഗത്തില്‍ ട്രംപ് നടത്തിയ പ്രസ്താവന മോദിയെ എത്രത്തോളും ട്രംപ് മാനിക്കുന്നു എന്നതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: