കോട്ടയം: വായ്പയെടുക്കാന്‍ ഈടുവച്ചത് വീടാണെങ്കില്‍ ജപ്തി ചെയ്യാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ സഹകരണ ബാങ്കുകള്‍ വെട്ടിലായി. ജപ്തി ചെയ്യാനായി വീടിനുമുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീട്ടുകാരെ ആത്മഹത്യയിലേക്ക് നയിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് പൊതുനിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
പ്രാദേശിക സഹകരണ ബാങ്കുകളിലടക്കം ആളുകള്‍ വീട് ഈടുവച്ചാണ് കൂടുതലും വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ പുതിയ നിര്‍ദ്ദേശം വന്നതോടെ കുടിശ്ശിക വരുത്തിയവരുടെ ജപ്തികള്‍ പ്രതിസന്ധിയിലായി. കുടിശ്ശികയിലായ വായ്പാ തുക തിരിച്ചുപിടിക്കാന്‍ മറ്റു മാര്‍ഗ്ഗം കാണാതെ വിഷമിക്കുകയാണ് ബാങ്കുകള്‍. അംഗങ്ങള്‍ വായ്‌പ്പെടുത്തിട്ട് തിരിച്ചടയ്‌ക്കാത്തതുമൂലം പ്രതിസന്ധിയിലായ ഒട്ടേറെ സഹകരണ ബാങ്കുകള്‍ സംസ്ഥാനത്തുണ്ട്. അതിനാല്‍ കരുവന്നൂരും കിഴതടിയൂരും അടക്കമുള്ള ഒട്ടേറെ ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനോ പുതിയ വായ്പകള്‍ നല്‍കാനോ കഴിയാതെ തകര്‍ച്ചയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: