ബെംഗളൂരു: വരുന്ന ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആര്‍സിബി) രജത്ത് പാട്ടീദാര്‍ നയിക്കും. ഇന്നലെ ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഫ്രാഞ്ചൈസി അധികൃതര്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ടീമിനെ നയിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസ്സിയെ ഇത്തവണത്തെ താരലേലത്തിന് മുമ്പായി ആര്‍സിബി റിലീസ് ചെയ്തിരുന്നു.
ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് രജത്ത് പാട്ടീദാര്‍. ഈ നേതൃഗുണത്തിലാണ് ആര്‍സിബി ആകൃഷ്ടരായത്. നേരത്തെ തന്നെ ആര്‍സിബി ഡയറക്ടര്‍ മോ ബോബാറ്റ് രജത്ത് പാട്ടീദാറുമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നായക ദൗത്യം വിജയകരമായെങ്കിലേ തനിക്ക് ക്യാപ്റ്റന്‍സി ഏറ്റെടുക്കാനാകൂ എന്ന് രജത്ത് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം അരങ്ങേറിയത്.
നിലവിലെ സീസണില്‍ ആര്‍സിബി ടീമില്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് രജത്ത്. വിരാട് കോഹ്‌ലിയും യാഷ് ദയാലും ആണ് മറ്റ് രണ്ട് പേര്‍. ഇത്തവണ 11 കോടി രൂപയ്‌ക്കാണ് രജത്ത് പാട്ടീദാറിനെ ആര്‍സിബി നിലനിര്‍ത്തിയത്.
2021ലാണ് താരം ആര്‍സിബിയിലെത്തുന്നത്. ഇതുവരെ 27 മത്സരങഅങളില്‍ നിന്ന് 158.85 പ്രഹരശേഷിയില്‍ 799 റണ്‍സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക