Editorial

ഇടിഞ്ഞു പൊളിഞ്ഞ് ഇന്‍ഡി സഖ്യം

Published by

വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് രൂപീകരിച്ച ഇന്‍ഡി സഖ്യം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന്റെ ഏറ്റവും പുതിയ ദൃശ്യമാണ് ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. വികസനവും ജനക്ഷേമവും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു മുന്നില്‍ ഒരു പതിറ്റാണ്ട് കാലത്തെ ആം ആദ്മി പാര്‍ട്ടിയുടെ ഭരണം തകര്‍ന്നടിഞ്ഞു എന്നു മാത്രമല്ല, ഒറ്റയ്‌ക്ക് മത്സരിച്ച് കരുത്തു തെളിയിക്കുമെന്നും, കിങ് മേക്കറാവുമെ ന്നുമൊക്കെയുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് ഒരൊറ്റ സീറ്റു പോലും നേടാനാവാതെ തുടര്‍ച്ചയായി മൂന്നാം തവണയും പരാജയത്തിന്റെ പടുകുഴിയില്‍ വീഴുകയും ചെയ്തു. ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തിനും, കോണ്‍ഗ്രസ്- എഎപി പാര്‍ട്ടികളുടെ ദയനീയമായ പരാജയത്തിനുമൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യവും ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പും പിന്‍പുമായി നടന്നു. ഇരുപാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായി മാറിയതാണത്. പൊതുസഖ്യത്തിന്റെ ഭാഗമാവാതെ കോണ്‍ഗ്രസ് സ്വന്തമായി മത്സരിച്ചതാണ് എഎപിയുടെ പരാജയത്തിന് കാരണമെന്ന ഒരു തൊടുന്യായം ചിലര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതില്‍ കാര്യമൊന്നുമില്ല. ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസും എഎപിയും ഒന്നിച്ചു മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുകള്‍ കൂടി ബിജെപിക്ക് ലഭിക്കുമായിരുന്നു. അതാണ് രാഷ്‌ട്രീയത്തിലെ അങ്കഗണിതം.

ഭാരതം ഭരിക്കാന്‍ രണ്ടുതവണ ജനങ്ങള്‍ അവസരം നല്‍കിയ ബിജെപിയേയും നരേന്ദ്ര മോദിയേയും ഏതുവിധേനയും തോല്‍പ്പിക്കാനാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്‍ഡി സഖ്യം രൂപീകരിക്കപ്പെട്ടത്. ബിജെപി വിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഏതാണ്ടെല്ലാ പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമായിരുന്നു. വിജയം സുനിശ്ചിതമാണെന്ന ചിന്തയില്‍ ഇങ്ങനെയൊരു സഖ്യം തങ്ങളുടെ ആശയമാണെന്ന് ഓരോ കക്ഷിയും അവകാശപ്പെടാനും തുടങ്ങി. സഖ്യം ഇപ്പോള്‍ തന്നെ ജയിച്ചിരിക്കുകയാണെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട താമസം മാത്രമേയുള്ളൂ എന്നുമായിരുന്നു കോണ്‍ഗ്രസിന്റെയും പല പ്രാദേശിക പാര്‍ട്ടികളുടെയും ഭാവം. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയും നരേന്ദ്രമോദിയും തന്നെ മൂന്നാമതും അധികാരത്തിലെത്തി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഈ വിജയം അവിടെ അവസാനിച്ചില്ല. ഇന്‍ഡി സഖ്യം ഒറ്റക്കെട്ടായി മത്സരിച്ച ഹരിയാനയിലും മഹാരാഷ്‌ട്രയിലും ജയിച്ചത് ബിജെപിയും എന്‍ഡിയെയും തന്നെയാണ്. ഇതോടെ ഇന്‍ഡി സഖ്യത്തില്‍ തമ്മിലടി രൂക്ഷമായി. കോണ്‍ഗ്രസിന്റെ അധികാരക്കൊതിയും ധാര്‍ഷ്ട്യവുമാണ് പരാജയത്തിന് കാരണമെന്നും, ഈ നിലയില്‍ സഖ്യത്തില്‍ തുടരാന്‍ സാധ്യമല്ലെന്നും ഘടകകക്ഷികള്‍ ഓരോന്നായി പ്രഖ്യാപിച്ചു. സഖ്യത്തിന്റെ നേതാവായി കോണ്‍ഗ്രസിനെ കാണുന്നില്ലെന്നും, അതിനുള്ള യോഗ്യത ആ പാര്‍ട്ടിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും, എന്‍സിപിയിലെ ഒരു വിഭാഗത്തെ നയിക്കുന്ന ശരത് പവാറും ജമ്മു കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സുമൊക്കെ പറയുന്ന സ്ഥിതി വന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ ഇന്‍ഡി സഖ്യം തീര്‍ത്തും അനാഥമായിരിക്കുകയാണ്.

ഇന്‍ഡി സഖ്യത്തിനൊപ്പം നിന്ന് ബിജെപിയെ വെല്ലുവിളിച്ച പല പാര്‍ട്ടികളും ഇതിനോടകം എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു കഴിഞ്ഞു. ആന്ധ്രയിലെ ടിഡിപിയും ബീഹാറിലെ ജെഡിയുവും മഹാരാഷ്‌ട്രയിലെ ശിവസേനയുടെ പ്രബല വിഭാഗവും എന്‍സിപിയുടെ ഒരു വിഭാഗവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും ഇവയില്‍പ്പെടുന്നു. ഇനിയും കൂടുതല്‍ പാര്‍ട്ടികള്‍ ബിജെപിക്കൊപ്പം വരുമെന്ന സൂചനകളുണ്ട്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെ തള്ളി മമതാ ബാനര്‍ജി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസിന് പ്രസക്തിയില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും മമത വ്യക്തമാക്കിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും അവര്‍ പറഞ്ഞിരിക്കുകയാണ്. ഇന്‍ഡി സഖ്യത്തെ നയിക്കാന്‍ ഒരുക്കമാണെന്ന് മമത പലതവണ പറയുകയുണ്ടായി. ശരത് പവാറിനെപ്പോലുള്ളവര്‍ അതിനെ അനുകൂലിക്കുകയും ചെയ്തു. ബിഹാറില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അവിടെ പ്രതിപക്ഷമായ ആര്‍ജെഡിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡി സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ ഇടതു പാര്‍ട്ടികള്‍ അല്ലാതെ മറ്റൊരു കക്ഷിയും അംഗീകരിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കഴിവുകെട്ടവനും രാജ്യത്തോട് കൂറില്ലാത്തവനുമായ രാഹുലിനെ എങ്ങനെയെങ്കിലും പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തട്ടിക്കൂട്ടിയ ഇന്‍ഡി സഖ്യം ഇല്ലാതാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അങ്ങനെ സംഭവിക്കുന്നതില്‍ ദേശസ്‌നേഹികള്‍ക്ക് ആഹ്ലാദിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക