തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതകം, പത്തനംതിട്ടയില്‍ വിവാഹ സംഘത്തിന് മര്‍ദ്ദനം എന്നിവയില്‍ പൊലീസിനെ പൂര്‍ണമായും തള്ളാതെ മുഖ്യമന്ത്രി. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരമില്ലെന്ന് നെന്മാറ സംഭവത്തെ അധികരിച്ച് പിണറായി വിജയന് പറഞ്ഞു. പത്തനംതിട്ടയിലെ ബാറില്‍ ബഹളം ഉണ്ടാക്കിയവരില്‍ വിവാഹ സംഘത്തിലെ ചിലരുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കാപ്പാ കേസ് പ്രതികളെ മന്ത്രിമാരുള്‍പ്പെടെ മാലയിട്ട് സ്വീകരിക്കുന്ന നിലയിലേക്കെത്തിയെന്നും ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര നെന്മാറയില് നടത്തിയ ഇരട്ടക്കൊല,പത്തനംതിട്ടയില്‍ വിവാഹസംഘത്തെ പൊലീസ് മര്‍ദ്ദിച്ചത് എന്നിവ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഭീഷണിപ്പെടുത്തിയതില്‍ ചെന്താമരക്കെതിരെ പരാതികൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്തമാരയെ പൊലീസിന് അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ചെന്താമരക്കെതിരായ മരിച്ച സുധാകരന്റെ മക്കളുടെ പരാതി ഗൗരവത്തോടെ എടുക്കാത്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു.പത്തനംതിട്ട സംഭവത്തില്‍ വിവാഹ സംഘത്തെ മര്‍ദ്ദിച്ചതിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ പൊലീസിനെ വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സിപിഎം സമ്മേളനങ്ങള്‍ പോലെ സംസ്ഥാനത്ത് ഗുണ്ടകളുടെ സമ്മേളനങ്ങളും അരങ്ങേറുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു. പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രിയാണെന്നും വിഡി സതീശന് പറഞ്ഞു. പ്രസംഗത്തിനിടെ സ്പീക്കറും പ്രതിപക്ഷനേതാവും തമ്മില്‍ പലതവണ വാക്പോരുണ്ടായി. എന്‍ ഷംസുദീന്റെ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: