World

ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി മടങ്ങി: മാര്‍സെയില്‍ ‘സവര്‍ക്കര്‍ സ്മരണയില്‍’ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്

Published by

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി വാഷിംഗ്ടണിലേക്ക് തിരിച്ചു.

ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം പാരീസില്‍ നടന്ന എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം പങ്കെടുത്തു. ഇരു രാജ്യങ്ങളും ആണവോര്‍ജ്ജ മേഖലയില്‍ സഹകരിക്കാനുള്ള പ്രാരംഭ കരാറില്‍ ഒപ്പുവെച്ചു, ഇതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

മാര്‍സെയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം, ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ ജെറ്റ് എഞ്ചിനുകളും മിസൈലുകളും വാങ്ങുന്നതിനുള്ള ധാരണയും ഉണ്ടായി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ പാരീസ് ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാനുള്ള ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ഈ പ്രഖ്യാപനം ശ്രദ്ധേയമാണ്.

മോദിയുടെ മാര്‍സെയില്‍ സന്ദര്‍ശനത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. 1910ല്‍, നാസിക് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സവര്‍ക്കര്‍ ലണ്ടനില്‍ അറസ്റ്റിലാവുകയും വിചാരണയ്‌ക്കായി കപ്പലില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാര്‍സെയില്‍ നിന്ന് കടലിലേക്ക് ചാടുകയും ചെയ്തു. എന്നാല്‍, ബ്രിട്ടീഷ് പൊലീസ് മാര്‍സെയില്‍സില്‍ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഈ അറസ്റ്റിനെതിരെ ഫ്രഞ്ച് സര്‍ക്കാര്‍ ഹേഗ് അന്താരാഷ്‌ട്ര കോടതിയില്‍ പ്രതിഷേധിക്കുകയും മാര്‍സെയിലെ ജനങ്ങള്‍ സവര്‍ക്കറിനെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബ്രിട്ടീഷ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.

ഈ സംഭവത്തിന്റെ ഓര്‍മ്മക്കായി മാര്‍സെയില്‍ സവര്‍ക്കറിനെ അനുസ്മരിച്ച് മോദി പ്രസ്താവന നടത്തി. ‘സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീര്‍ സവര്‍ക്കര്‍ ധീരമായി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഇവിടെ വച്ചാണ്. അദ്ദേഹത്തെ ബ്രിട്ടീഷ് കസ്റ്റഡിയില്‍ ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട മാര്‍സെയിലെ ജനങ്ങളോടും ഫ്രഞ്ച് ആക്ടിവിസ്റ്റുകളോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്ന് മോദി ട്വീറ്റ് ചെയ്തു.

ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ത്യാഗത്തെ ആദരിക്കുന്നതിനായി നിര്‍മിച്ച മസാര്‍ഗ്‌സ് യുദ്ധ സെമിത്തേരിയും മോദി മാക്രോണിനൊപ്പം സന്ദര്‍ശിച്ചു. അതേസമയം, ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്‌ട്ര സംരംഭമായ ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടറും സന്ദര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക