തൊടുപുഴ: ഒരാഴ്ചക്കിടെ ഇടുക്കി ജില്ലയില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ട് പേര്‍. ഈ വര്‍ഷം ഏഴ് പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ തിങ്കളാഴ്ച വൈകിട്ടാണ് നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മറയൂര്‍ ചമ്പക്കാട്കുടി സ്വദേശി വിമലന്‍ (57) ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കൊമ്പന്‍പാറ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. വീടിനു സമീപത്തെ അരുവിയില്‍ കുളിക്കാന്‍ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സോഫിയയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം മാറ്റാനായത്. കളക്ടര്‍ വി. വിഘ്‌നേശ്വരി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം അയഞ്ഞത്. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും ഉറപ്പ് നല്‍കി. കാട്ടാനശല്യം പരിഹരിക്കാന്‍ വനംമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് സോഫിയയുടെ ഭര്‍ത്താവ് ആരോപിച്ചു.
ജനവാസ മേഖലയില്‍ ആനകള്‍ കറങ്ങി നടക്കുന്നതിന്റെ ഭീതിയിലാണ് മൂന്നാറും മറയൂരുമടക്കമുള്ള പ്രദേശങ്ങള്‍. മൂന്നാറില്‍ പടയപ്പയാണ് ഭീതി സൃഷ്ടിക്കുന്നതെങ്കില്‍ മറയൂരില്‍ വിരിക്കൊമ്പനാണ്. വെള്ളിയാഴ്ച രാജമലക്ക് സമീപം എട്ടാം മൈലില്‍ പടയപ്പ വാഹനം ആക്രമിച്ചിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ ആന പിന്‍വാങ്ങി. സിനിമ ചിത്രീകരണത്തിന് എത്തിയ ടെമ്പോ ട്രാവലറിന് നേരെയാണ് രാത്രിയില്‍ പടയപ്പയുടെ ആക്രമണമുണ്ടായത്. പിന്നീട് വനം വകുപ്പുദ്യോഗസ്ഥരെത്തി പടയപ്പയെ തുരത്തി. പടയപ്പ മദപ്പാടിലാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വിമലനെ ആക്രമിച്ച് കൊലപ്പെടുത്തിയത് വിരിക്കൊമ്പനാണ്. മേഖലയില്‍ വിരിക്കൊമ്പന്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ അനവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: