Alappuzha

പേവിഷബാധ: ജനങ്ങള്‍ ജാഗ്രത പാലിക്കണം

Published by

ആലപ്പുഴ: പേവിഷബാധ മൂലം ജില്ലയില്‍ ഒമ്പത് വയസ്സുകാരന്‍ മരിക്കാനിടയായ ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ പേവിഷബാധയുടെ കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുട്ടികള്‍ക്കായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രത്യേക പേവിഷബാധ ബോധവല്‍ക്കരണ അസംബ്ലിയുംഅദ്ധ്യാപക, രക്ഷകര്‍തൃ സംഘടനകള്‍ കേന്ദ്രീകരിച്ച് തുടര്‍ ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്യും.

വളര്‍ത്തുമൃഗങ്ങള്‍ക്ക്പ്രതിരോധ കുത്തിവെപ്പ് എടുത്താലും കടിയോ മാന്തലോ ഏറ്റാല്‍ പേവിഷ ബാധിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കണം. കുഞ്ഞു പട്ടിയോ പൂച്ചയോ കടിച്ചാലും പേവിഷബാധ ഉണ്ടാകാം.

മൃഗങ്ങള്‍ നേരിട്ട് കടിച്ച് മുറിവേല്‍പ്പിച്ചില്ലെങ്കിലും മൃഗങ്ങള്‍ ഓടിക്കുകയോ ദേഹത്ത് ചാടിക്കയറുകയോ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നേരിയ പോ
റലുകള്‍, നമ്മുടെ ശരീരത്തില്‍ മുറിവുകളുണ്ടെങ്കില്‍ മുറിവില്‍ ഉമിനീര് പുരണ്ടാലും, ഉമിനീര് കണ്ണിലോ വായിലോ തെറിച്ചു വീണാലും പേവിഷബാധ ഉണ്ടാകാം.

മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താല്‍ ഉടനടി സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റ് നേരമെങ്കിലും കഴുകുക. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച്, മുറിവിന്റെ സ്വഭാവം അനുസരിച്ച് നിര്‍ദേശിക്കുന്ന പ്രതിരോധ കുത്തിവെപ്പ് എടുക്കുക. ഡോസ് പൂര്‍ണമാക്കുക. വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ സൂക്ഷിച്ച് വയ്‌ക്കുക. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുക. വളര്‍ത്തു മൃഗങ്ങളുമായി സുരക്ഷിതമായി ഇടപഴകുന്നതിനെക്കുറിച്ചും തെരുവില്‍ കാണുന്ന മൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നുള്ള നിര്‍ദ്ദേശങ്ങളും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by