പ്രയാഗ് രാജ്: പഴയ അറിവുകളുടെ ഉപാസകര്‍ മാത്രമല്ല, പുത്തന്‍ അറിവുകളുടെ സ്രഷ്ടാക്കളാകാനും നമുക്ക് കഴിയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വിദ്യാഭ്യാസവും സംസ്കാരവും വേര്‍തിരിക്കാനാവില്ല. രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് മാറ്റം കൊണ്ടുവരേണ്ടത് ചുരുക്കം ചിലരുടെയോ സര്‍ക്കാരിന്റെയോ മാത്രം പ്രവര്‍ത്തനമല്ല, അദ്ദേഹം പറഞ്ഞു. കുംഭമേളയുടെ ഭാഗമായി ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാന മഹാകുംഭത്തില്‍ വികസിത ഭാരതവും ഭാരതീയ ഭാഷകളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
വിദ്യാഭ്യാസ സമ്പ്രദായം മാറാതെ രാഷ്ട്രത്തില്‍ പരിവര്‍ത്തനം സാധ്യമാവില്ല. വിദ്യാര്‍ത്ഥികളെ സ്വയംപര്യാപ്തരാക്കുകയാണ് സ്വാശ്രയ ഭാരതനിര്‍മിതിക്ക് വേണ്ടത്. മാതാവിനും മാതൃഭൂമിക്കും മാതൃഭാഷയ്ക്കും ബദലില്ല. എല്ലാ ഭാരതീയ ഭാഷകളിലും സാഹിത്യവും സംസ്കാരവുമുണ്ട്. വരും തലമുറയ്ക്ക് മാതൃഭാഷ പരിചയപ്പെടുത്തേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. മാതൃഭാഷയില്‍ നിന്ന് അകലുന്ന വ്യക്തി ജീവിത മൂല്യങ്ങളില്‍ നിന്നും സംസ്കാരത്തെക്കുറിച്ചുള്ള അവബോധത്തില്‍ നിന്നും അകലുകയാണ് ചെയ്യുന്നത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഭൂതകാലത്തില്‍ കെട്ടിപ്പിണഞ്ഞുകിടക്കാതെ ശുഭകരമായ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യണം. അറിവും പാരമ്പര്യവും ചരിത്രവും വിഭവങ്ങളും എല്ലാം ഭാരതത്തിലുണ്ട്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൂട്ടായ പ്രവര്‍ത്തനവുമാണ് വേണ്ടത്. ഏകോപനത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നോട്ട് പോയാല്‍ നമുക്ക് ഭാരതത്തെ ലോകനേതൃസ്ഥാനത്ത് എത്തിക്കാനാകും, സര്‍കാര്യവാഹ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: