കൊൽക്കത്ത : ആർജി കർ മെഡിക്കൽ കോളെജിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ സന്ദർശിച്ചു. തന്റെ മകൾക്ക് നീതി ഉറപ്പാക്കാൻ ഇടപെടണമെന്ന് അവർ അദ്ദേഹത്തിനോട് അഭ്യർത്ഥിച്ചു.
സംഘടനാ പ്രവർത്തനങ്ങൾക്കായി പശ്ചിമ ബംഗാളിലേക്ക് പര്യടനം നടത്തുന്ന വേളയിലായിരുന്നു അദ്ദേഹം ഇരയുടെ മാതാപിതാക്കളെ കണ്ടത്. ദാരുണമായ ഈ വിഷയത്തിൽ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഭാഗവതിനെ കാണാനുള്ള ആഗ്രഹം ഇരയുടെ മാതാപിതാക്കൾ കൊൽക്കത്തയിലെ ആർഎസ്‌എസ് കാര്യാലയത്തിൽ അറിയിച്ചതായും വിവരം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച മാതാപിതാക്കളെ കാണാമെന്ന്അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
ദാരുണമായ ഈ വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുന്നതിനും ഈ ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ എല്ലാ സൂത്രധാരന്മാർക്കും ശിക്ഷ ലഭിക്കുന്നതിനും കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ഉചിതമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇരയുടെ മാതാപിതാക്കൾ അദ്ദേഹത്തിനോട് അഭ്യർത്ഥിച്ചു.
നേരത്തെയും സർസംഘചാലക് ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ആർഎസ്‌എസ് ഭാരവാഹികളോട് ആവശ്യമെങ്കിൽ നിയമസഹായം ഉൾപ്പെടെ ഇരയുടെ മാതാപിതാക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
അതേ സമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ ജന്മദിനമായ ഞായറാഴ്ച ഇരയുടെ സ്മരണയ്‌ക്കായി വിവിധ ഡോക്ടർമാരുടെ സംഘടനകൾ നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: