കൊച്ചി : പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി അനന്തുകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളുമുണ്ടെന്ന് പൊലീസ്. അനന്തുകൃഷ്ണന്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ചില എംഎല്‍എമാരുടെ ഓഫിസുകളിലും എംപിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും അനന്തുകൃഷ്ണന് പണമെത്തിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിച്ചിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് കരുതുന്നത്.രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തുകൈമാറിയെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ രേഖകള്‍ അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക് ഒറ്റത്തവണയായി അനന്തുകൃഷ്ണന് 25 ലക്ഷം രൂപയിലേറെ നല്കി. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്കൂട്ടര്‍ വാഗ്ദാനം നല്കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നാണ്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്കൂട്ടര്‍ വിതരണം ചെയ്തിട്ടുണ്ട്. തട്ടിപ്പ് പണം പിരിക്കാന്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഫ്ലാറ്റുകള്‍ ഉള്‍പ്പെടെ വാടകയ്ക്ക് എടുത്ത് നല്കി. ഇവരുടെ താമസം സൗജന്യമായിരുന്നു. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായി പൊലീസ് കണ്ടെത്തി.
പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നിന്ന് രണ്ട് കോടി രൂപ സായി ഗ്രാമം ഗോബല്‍ ട്രസ്റ്റ് ചെയര്മാന് ആനന്ദകുമാറിന് നല്‍കിയെന്ന് അനന്തുകൃഷ്ണന് നേരത്തെ മൊഴി നല്‍കിയിരുന്നു.സര്‍ക്കാരിതര സംഘടന ഫെഡറേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതിലാണ് ജ. സി എന്‍ രാമചന്ദ്രന് നായരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. ജീവകാരുണ്യ സംഘടനയായതിനാലാണ് ഉപദേശകസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് ആനന്ദ് കുമാറിനോട് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ കേസില്‍ സായി ഗ്രാമം ഗോബല്‍ ട്രസ്റ്റ് ചെയര്മാന് ആനന്ദകുമാര്‍ ഒന്നാം പ്രതിയാണ്. അനന്തുകൃഷ്ണന് രണ്ടാം പ്രതിയും ഹൈക്കോടതി റിട്ട ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ മൂന്നാം പ്രതിയാണ്.മലപ്പുറം ജില്ലയില്‍ മാത്രം 20 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍.
സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്മകളും അനന്തുകൃഷ്ണന് രൂപീകരിച്ചിരുന്നു.കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്നര്‍ ഷിപ്പ് കമ്പനിയാണ് ഇതില്‍ പ്രധാനം. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ കാട്ടിയിട്ടുളളത് എന്നാല്‍ ഈ സ്ഥാപനത്തിന്റെ മറവില്‍ മാത്രം കോടികള്‍ അനന്തുകൃഷ്ണന് സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അനന്തുകൃഷ്ണന്റെ അറസ്റ്റിനു പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: