കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ ഭക്തജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. സംസ്ഥാന ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയ ക്രമക്കേടുകള്‍ ഗുരുതരമാണ്. ഒരു വിഭാഗം ജീവനക്കാര്‍ കഴിഞ്ഞ 6 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ക്രയവിക്രയം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നത് ബോര്‍ഡിന്റെ അനാസ്ഥയോ ഒത്തുകളിയോ ആണ്. അതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ലോക്കറ്റ് ആക്കി മാറ്റിയതിലും സിസിടിവി സ്ഥാപിച്ചതിലുമുള്ള ക്രമക്കേടുകള്‍ നിസാരമെല്ലന്നാണ് ഓഡിറ്റ് വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട ജീവനക്കാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തിയില്ലെങ്കില്‍ വിഷയം തേച്ചുമായ്ച്ചു കളയാനുള്ള സാഹചര്യമുണ്ടാകും. നിലവിലെ ദേവസ്വം ഭരണം സുതാര്യമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കെ ബോര്‍ഡ് പിരിച്ചുവിട്ട് അന്വേഷണം നേരിടാന്‍ തയ്യാറാവണം.
ദേവസ്വത്തിന്റെ നഷ്ടം നികത്താനുള്ള നടപടികള്‍ കൈക്കൊള്ളണം. ഹിന്ദു വിശ്വാസികളുടെ കൂട്ടായ്മകള്‍ക്ക് ഭരണം കൈമാറിയാലെ ഇതിന് അവസാനമുണ്ടാകൂയെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക