Vicharam

സര്‍സംഘചാലകിന്റെ സന്ദേശങ്ങള്‍

Published by

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ രണ്ടുദിവസത്തെ കേരള സന്ദര്‍ശനം അര്‍ത്ഥപൂര്‍ണവും ആവേശഭരിതവുമായിരുന്നു. ഭാരതീയ സംസ്‌കൃതിയുടെ സൗന്ദര്യവും, സനാതനധര്‍മത്തിന്റെ മൂല്യങ്ങളും കേരളീയ സമൂഹത്തില്‍ ആവിഷ്‌കരിക്കാന്‍ അഞ്ചു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണോത്സവം ഉദ്ഘാടനം ചെയ്യാനും, ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്റെ ഭാഗമായ ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യാനുമാണ് സര്‍സംഘചാലക് കേരളത്തിലെത്തിയത്. എറണാകുളം സംസ്‌കൃതി നഗറില്‍ (രാജേന്ദ്ര മൈതാനം) സംഘടിപ്പിച്ച തപസ്യയുടെ സുവര്‍ണോത്സവത്തുടക്കത്തില്‍ കലയുടെയും സാഹിത്യത്തിന്റെയും മേഖലയില്‍ പ്രതിഭാശാലികളായവരെ ആദരിച്ച സര്‍സംഘചാലക്, ഭാരതീയ സംസ്‌കാരത്തില്‍ കലയ്‌ക്കും സാഹിത്യത്തിനും നിര്‍വഹിക്കാനുള്ള പങ്കിനെ എടുത്തുകാട്ടി ഉജ്ജ്വല പ്രഭാഷണമാണ് നടത്തിയത്.

സാഹിത്യവും കലയും സമൂഹത്തിന് വിചാരവും സംസ്‌കാരവും പകരുന്നതാണെന്നു പറഞ്ഞ സര്‍സംഘചാലക്, വസുധൈവ കുടുംബകം എന്ന പാരമ്പര്യത്തിലൂന്നി കലയിലൂടെയും സാഹിത്യത്തിലൂടെയും രാഷ്‌ട്രജീവിതത്തെ ലോകത്തിന് മാതൃകയാക്കി വളര്‍ത്തിയെടുക്കണമെന്നും ആഹ്വാനം ചെയ്തു. ലോകം ഭാരതത്തെ പ്രതീക്ഷയോടെ നോക്കുമ്പോള്‍ അതിനനുസൃതമായി കലാസാഹിത്യരംഗത്തെ സജ്ജമാക്കേണ്ട ദൗത്യം തപസ്യക്കുണ്ടെന്ന സര്‍സംഘചാലക് നല്‍കിയ സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് വിവിധ ജില്ലകളില്‍ നിന്ന് സമ്മേളനത്തിനെത്തിയവര്‍ മടങ്ങിയത്.

സത്യവും കരുണയും ശുദ്ധിയും തപസുമാണ് ധര്‍മത്തിന്റെ അടിസ്ഥാനമെന്നും, സമൂഹത്തിലേക്ക് ഇവയൊക്കെയും സന്നിവേശിപ്പിക്കാനുള്ള തപസില്‍ ഓരോ എഴുത്തുകാരനും കലാകാരനും ഏര്‍പ്പെടണമെന്നുമുള്ള സര്‍സംഘചാലകിന്റെ വാക്കുകള്‍ക്ക് സമകാലിക കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രത്യേകം പ്രസക്തിയുണ്ട്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അധികാരത്തിന്റെ ദാസന്മാരായി എഴുത്തുകാര്‍ പോവുകയും, അങ്ങനെ ചെയ്യണമെന്ന് സാംസ്‌കാരിക നായകന്മാര്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്ന നാട്ടില്‍ കണ്‍മുന്നില്‍ നടമാടുന്ന അധര്‍മങ്ങള്‍ കണ്ടില്ലെന്നു നടിച്ച് നിശബ്ദത പാലിക്കുകയാണ് പല എഴുത്തുകാരും. ഇക്കൂട്ടര്‍ക്ക് നേരെ പിടിച്ച കണ്ണാടിയായിരുന്നു തപസ്യയുടെ വേദിയില്‍ നിന്ന് ഉയര്‍ന്നുകേട്ട വാക്കുകള്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളോടെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സുവര്‍ണോത്സവം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന തപസ്യക്ക് അക്ഷയമായ ഊര്‍ജ്ജം പകര്‍ന്ന് നല്‍കുകയായിരുന്നു സര്‍സംഘചാലക്.

പുണ്യപമ്പയുടെ തീരത്ത് പഞ്ചാര മണല്‍ത്തരികള്‍ പോലെ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെയാണ് ഹിന്ദു ഏകതാ സമ്മേളനത്തില്‍ സര്‍സംഘചാലക് അഭിസംബോധന ചെയ്തത്. കേരളത്തിലെ ചെറുതും വലുതുമായ നൂറിലേറെ സമുദായ സംഘടനകളുടെ നേതാക്കള്‍ ഒത്തുചേര്‍ന്ന സമ്മേളനം ഹിന്ദു ഐക്യബോധത്തിന്റെ പുതിയൊരധ്യായം രചിച്ചിരിക്കുകയാണ്. ഹിന്ദുസമാജം സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് സംഘടിക്കണമെന്ന് പറഞ്ഞ സര്‍സംഘചാലക് ധര്‍മത്തിന്റെ ചട്ടക്കൂടിനു പുറത്തുള്ള ജാതിവിവേചനവും തൊട്ടുകൂടായ്മയും അടക്കമുള്ള എല്ലാറ്റിനെയും ഉപേക്ഷിച്ച് ഒന്നെന്ന ഭാവത്തില്‍ ഉയരാനാകണമെന്ന് ആഹ്വാനം ചെയ്തു. ഹിന്ദുസമാജത്തെ സംഘടിപ്പിക്കാനാണ് 100 വര്‍ഷമായി രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിക്കുന്നതെന്നും, എന്നാല്‍ 113 വര്‍ഷമായി ഈ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദുമത പരിഷത്തിന്റെ വേദിയില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്നും സര്‍സംഘചാലക് പറഞ്ഞത് ഉള്‍പ്പുളകത്തോടെയാണ് വന്‍ജനാവലി ഏറ്റുവാങ്ങിയത്. വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പുണ്യസ്മൃതികളും ശ്രീനാരായണ ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ ഐക്യബോധവും, മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടവീര്യവും നിറഞ്ഞുനിന്ന സമ്മേളനം ഹിന്ദുസമൂഹം ആത്മവിസ്മൃതിയില്‍ നിന്ന് ഉണരണമെന്ന് സര്‍സംഘചാലക് പറഞ്ഞത് ശരിവയ്‌ക്കുകയായിരുന്നു.

മന്നത്ത് പത്മനാഭന്റെയും ആര്‍. ശങ്കറുടെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഐക്യത്തിന്റെ കാഹളമൂതി സംഘടിപ്പിക്കപ്പെടുകയും, ഹിന്ദുവിരുദ്ധ അധികാര രാഷ്‌ട്രീയത്തിന്റെ ഇടപെടലുകളാല്‍ അല്‍പായുസായി പോവുകയും ചെയ്ത ഹിന്ദു മഹാമണ്ഡലത്തിന്റെ പുനരവതാരമാണ് ഹിന്ദു ഏകതാ സമ്മേളനത്തില്‍ കണ്ടത്. മാറിയ കാലത്ത് ആര്‍ക്കും തകര്‍ക്കാനാവാത്ത വിധം ഹിന്ദുഐക്യം ശക്തിപ്പെട്ടുവരികയാണ്. ഇതിന്റെ ചാലകശക്തി ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. പുത്തന്‍ ലോകക്രമത്തില്‍ ഭാരതത്തിന് നിര്‍വഹിക്കാനുള്ള പങ്കിനെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തി ആര്‍എസ്എസിനെ നയിച്ചുകൊണ്ടിരിക്കുന്ന ആള്‍ തന്നെ കേരളത്തിലെ ഹൈന്ദവ ഐക്യത്തിന്റെ കരുത്തും ഗാംഭീര്യവും തുടിച്ചുനിന്ന സമ്മേളനത്തിനെത്തിയത് ചരിത്രപരമാണ്. ഐക്യത്തിന്റെ പാതയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനു തന്നെ ഈ സമ്മേളനം വഴിവയ്‌ക്കും. കാലം അങ്ങനെയൊന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by