Kerala

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിന്‍സിപ്പാളിനും അസോസിയേറ്റ് പ്രൊഫസര്‍ക്കും സസ്പന്‍ഷന്‍

പ്രിന്‍സിപ്പാള്‍ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോര്‍ഡിനേറ്റര്‍ സുജിത എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളണ് അനാമികയുടെ ബന്ധുക്കള്‍ ഉന്നയിച്ചത്

Published by

ബെംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസര്‍ സുജിത എന്നിവരെ സ്‌പെന്‍ഡ് ചെയ്തു.സ്വകാര്യ സര്‍വകലാശാല ദയാനന്ദ് സാഗര്‍ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രാമനഗരയിലെ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു കണ്ണൂര്‍ സ്വദേശിനി അനാമിക.വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നഴ്‌സിംഗ് കോളേജിനും പൊലീസിനുമെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

പ്രിന്‍സിപ്പാള്‍ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോര്‍ഡിനേറ്റര്‍ സുജിത എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളണ് അനാമികയുടെ ബന്ധുക്കള്‍ ഉന്നയിച്ചത്. അനാമികയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തില്‍ സഹപാഠികള്‍ സമരം നടത്തുകയാണ്. അനാമിക കോളേജില്‍ ചേര്‍ന്നിട്ട് നാല് മാസമേ ആയുള്ളൂ. കോളേജില്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്രമായ നിയന്ത്രണങ്ങളാണ് ഉളളതെന്ന് ആരോപണമുണ്ട്. പകല്‍ മുഴുവന്‍ ഫോണ്‍ കോളേജ് റിസപ്ഷനില്‍ വാങ്ങി വയ്‌ക്കും. ഇന്റേണല്‍ പരീക്ഷകളിലൊന്നിനിടെ അനാമികയുടെ കയ്യില്‍ മൊബൈല്‍ കണ്ടെന്നും അത് കോപ്പിയടിക്കാന്‍ കൊണ്ട് വന്നതാണെന്നും ആരോപിച്ച് അനാമികയോട് കോളേജില്‍ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികള്‍ പറയുന്നത്.

അനാമികയുടെ ഹോസ്റ്റലിലെ മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്നാണ് സഹപാഠികള്‍ മുറി തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്.കുടുംബാംഗങ്ങള്‍ക്കായി എഴുതിയതും മാനേജ്‌മെന്റിനെതിരെ പരാമര്‍ശങ്ങളുള്ളതുമായ രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ അനാമികയുടെ മുറിയിലുണ്ടായിരുന്നെന്നാണ് മറ്റ് വിദ്യാര്‍്ഥികള്‍ പറയുന്നത്.

മാനേജ്‌മെന്റിനെതിരായ ആത്മഹത്യാക്കുറിപ്പ് പൊലീസിനൊപ്പം ചേര്‍ന്ന് ഒളിപ്പിച്ചെന്നും കുട്ടികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബെംഗളുരുവില്‍ മാത്രം വിവിധ സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയെന്നാണ് കണക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by