India

‘ഓപ്പറേഷന്‍ 120’: കുടുങ്ങുമോ കുംഭമേളയില്‍ തിക്കുംതിരക്കുമുണ്ടാക്കിയ 120 പേര്‍? ഇവരില്‍ മലയാളികളും? പ്രതികളെ പിടിക്കാന്‍ യോഗി ആദിത്യനാഥ്

പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍ ഒരൊറ്റ ബസില്‍ വന്ന 120 പേര്‍ ആണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. ഇപ്പോള്‍ ഓപ്പറേഷന്‍ 120 എന്ന പേരില്‍ ഈ സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ യുപി പൊലീസും ഭീകരവാദ വിരുദ്ധ സെല്ലും അഹോരാത്രം പണിപ്പെടുകയാണ്.

Published by

പ്രയാഗ് രാജ്: പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍ ഒരൊറ്റ ബസില്‍ വന്ന 120 പേര്‍ ആണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. ഇപ്പോള്‍ ഓപ്പറേഷന്‍ 120 എന്ന പേരില്‍ ഈ സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപി പൊലീസിന്റെ പ്രത്യേക ദൗത്യ സംഘവും(എസ് ടി എഫ്) ഭീകരവാദ വിരുദ്ധ സെല്ലും(എടിഎസ്) അഹോരാത്രം പണിപ്പെടുകയാണ്. ഈ 120 പേരില്‍ മലയാളികളും ഉണ്ടെന്നും ഉത്തര്‍പ്രദേശിലെ ചില ഹിന്ദു പത്രങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതായി പറയുന്നു.

ഒരൊറ്റ ടൂറിസ്റ്റ് ബസില്‍ 120 പേരോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബസ് പ്രത്യേക ദുഷ്ടലാക്കോടെയാണ് എത്തിയതെന്നും ഇതിനുള്ളില്‍ 120 പേരെ കുത്തിനിറച്ചാണ് കൊണ്ടുവന്നതെന്നും പറയുന്നു. .

പ്രയാഗ് രാജില്‍ മഹാകുംഭമേള നടക്കുന്ന പ്രദേശത്ത് സ്ഥാപിച്ച 2500 എഐസജ്ജമായ ക്യാമറകളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ചാണ് ഇതേക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്. കാരണം തിക്കുംതിരക്കും ഉണ്ടായതിനെതുടര്‍ന്ന് 30 പേര്‍ കൊല്ലപ്പെട്ടതോടെ അതുവരെ പ്രയാഗ് രാജിലെ മഹാകുംഭമേള പരിസരത്ത് സജീവമായിരുന്ന 16000 മൊബൈലുകള്‍ സ്വിച്ചോഫായതായി കണ്ടെത്തിയിരുന്നു. ഇത് ആരൊക്കെയാണ് എന്നും അന്വേഷിച്ചുവരുന്നു. സ്വിച്ചോഫായ 16000 ഫോണുകളില്‍ 100 ഫോണുകളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. ഇവര്‍ക്ക് തിക്കും തിരക്കും ഉണ്ടായ സംഭവവുമായി തീര്‍ച്ചയായും ബന്ധം ഉണ്ട് എന്നാണ് കണ്ടെത്തല്‍.

ഈ ബസില്‍ വന്ന സംഘത്തിലുള്ള ചിലരാണ് പുലര്‍ച്ചെ ഒന്നരമണിക്ക് തിക്കും തിരക്കും ഉണ്ടാക്കിയതെന്ന് പറയുന്നു. ഇതില്‍ ഒരു ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ജനവരി 29ന് രാത്രി ഒന്നര മണിക്ക് ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തി വേഗം കുളിക്കൂ എന്ന് പറയുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഒരു ഉയര്‍ന്ന റാങ്കിലുള്ള പൊലീസുദ്യോഗസ്ഥനായാണ് ഇയാളെ തോന്നിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയനുസരിച്ച് ഇയാള്‍ യഥാര്‍ത്ഥ പൊലീസല്ല, പൊലീസിന്റെ വേഷം കെട്ടിയ ഒരാളായിരുന്നു എന്നാണ്. കുറെ ഭക്തരെ നിര്‍ബന്ധിച്ച് ഇയാള്‍ സ്നാനം ചെയ്യാന്‍ ത്രിവേണി സംഗമത്തിലേക്ക് രാത്രി ഒന്നരമണിക്ക് പറഞ്ഞയച്ചത് തിക്കും തിരക്കും ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അറിയുന്നു.

മരിച്ചവരുടെ കിഡ്നിയും കരളും പറിച്ചെടുത്ത് പുഴയില്‍ എറിയൂ എന്ന് ഏതാനും യുവാക്കള്‍ ആക്രോശിക്കുന്ന ഒരു വീഡിയോയും സംശയാസ്പദമായി കണ്ടെടുത്തിട്ടുണ്ട്. അതുപോലെ ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ മഹാകുംഭമേളയിലെ മരണത്തെ വല്ലാതെ പേടിപ്പെടുത്തുന്ന തരത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളുടെ പിന്നില്‍ ആരാണെന്നും അന്വേഷിക്കുന്നു. ചെങ്കൊടി പിടിച്ച ഏതാനും യുവാക്കള്‍ വന്ന് തിക്കും തിരക്കും ഉണ്ടാക്കി എന്ന ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഈ യുവാക്കള്‍ ആരാണെന്നും അന്വേഷിക്കുന്നു. ഇവര്‍ മാവോയിസ്റ്റുകളോ അതോ മാവോയിസ്റ്റുകള്‍ എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അക്രമികള്‍ നടത്തിയ തന്ത്രമോ എന്നും അന്വേഷിക്കുന്നു.

ഭക്തര്‍ മൗനി അമാവാസ്യ ദിവസത്തില്‍ പുലര്‍ച്ചെ മൂന്നര മണിക്കാണ് യഥാര്‍ത്ഥത്തില്‍ മുങ്ങിക്കുളിക്കേണ്ടത് എന്നിരിക്കെ എന്തിനാണ് ‘തിരക്ക് വരുന്നുണ്ട് പോയി കുളിക്ക്’ എന്ന് ഒന്നരമണിക്ക് തന്നെ ഇയാള്‍ നിര്‍ബന്ധിച്ചത്?. ഈ 120 പേരില്‍ ചിലര്‍ മലയാളികള്‍ ആണെന്നും ചില ഉത്തര്‍പ്രദേശ് ഹിന്ദി ചാനലുകള്‍ പറയുന്നു. ഇതില്‍ 40 മലയാളികള്‍ ഉണ്ടെന്ന് വേറെയും ചില വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും ഇവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ 120 എന്ന ദൗത്യത്തിന് ഉത്തര്‍പ്രദേശിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത് എന്നതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് ചുരുങ്ങും എന്നാണ് പറയപ്പെടുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക