ന്യൂദല്‍ഹി: ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 1950 മുതല്‍ 2015 വരെയുള്ള കാലഘട്ടം എടുത്താല്‍ 7.82 ശതമാനം കുറഞ്ഞുവെന്ന് കണക്ക്. രാജ്യത്ത് 84.68 ശതമാനമുണ്ടായിരുന്ന ഹിന്ദു സമുദായം ഇപ്പോള്‍ 78.06 ശതമാനമായി കുറഞ്ഞു. അതേ സമയം മുസ്ലിം ജനസംഖ്യ ഇക്കാലയളവില്‍ 43.5 ശതമാനം വര്‍ധിച്ചുവെന്നും പഠനത്തില്‍ പറയുന്നു. ഭൂരിപക്ഷസമുദായം കുറഞ്ഞുകൊണ്ടിരിക്കുകയും ന്യൂനപക്ഷസമുദായം വളരുകയും ചെയ്യുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണെന്ന് 169 രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ച് പഠിച്ചതില്‍ നിന്നും മനസ്സിലായതായി ഡോ.ഷമിക രവി പറയുന്നു.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (EAC-PM) അംഗമായ ഡോ.ഷമിക രവിയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇങ്ങിനെ വിവിധ സമുദായങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ ജനസംഖ്യയില്‍ മാറ്റമുണ്ടായാല്‍ ചില സമുദായങ്ങള്‍ വളരുകയും മറ്റു ചില സമുദായങ്ങള്‍ തളരുകയും ചെയ്യുമെന്നും ഡോ. ഷാമിക രവി പറയുന്നു. ഡോ.ഷാമിക രവി, അപൂര്‍വ്വ കുമാര്‍ മിശ്ര, എബ്രഹാം ജോസ് എന്നിവര്‍ ചേര്‍ന്നാണ് ‘മതന്യൂനപക്ഷങ്ങള്‍: രാജ്യത്തുടനീളമുള്ള വിശകലനം’ (Share of Religious Minorities: A Cross-Country Analysis (1950-2015) എന്ന പേരിലുള്ള ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുസ്ലിം സമുദായം ഇന്ത്യയില്‍ 9.84 ശതമാനത്തില്‍ നിന്നും 14.095 ശതമാനത്തിലേക്ക് ഉയര്‍ന്നു. ക്രിസ്ത്യന്‍ സമുദായമാകട്ടെ 2.24 ശതമാനത്തില്‍ നിന്നും 2.36 ശതമാനമായി ഉയര്‍ന്നു. 2011 വരെ ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള അരുണാചല്‍ ഇന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷസംസ്ഥാനമായി മാറി. തമിഴ്നാട്ടിലും ഇത് തന്നെയാണ് സ്ഥിതി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മതവും ഇസ്ലാംമതവും അതിവേഗം വളരുകയാണ്. അസം, പടിഞ്ഞാറന്‍ യുപി, വടക്കന്‍ കേരളം എന്നിവിടങ്ങലിലും ഇതാണ് സ്ഥിതി. ന്യൂനപക്ഷങ്ങളുടെ ഇടയിലെ ജനന നിരക്ക് കുറയുന്നുവെന്ന് എന്‍ജിഒകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ന്യൂനപക്ഷ സമുദായങ്ങളുടെ ഈ വര്‍ധനയ്ക്ക് പിന്നില്‍ ജനനനിരക്കല്ല കാരണമെന്നും മതപരിവര്‍ത്തനവും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള കുടിയേറ്റവും കൂടി കാരണങ്ങളാണെന്നും ഡോ. ഷമിക രവി പറയുന്നു. “ഏതെങ്കിലും ഒരു സമുദായത്തിന്റെ (ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഏതായാലും) സന്താനോല്പാദനശേഷിയല്ല പരിഗണിക്കേണ്ടത്. പകരം ഒരു രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെയും ന്യൂനപക്ഷസമുദായത്തെയും താരതമ്യം ചെയ്യുമ്പോള്‍ ഏതെങ്കിലും ഒന്ന് മറ്റേതിനേക്കാള്‍ കൂടുതലായി വളര്‍ച്ചാനിരക്ക് കാണിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം വളര്‍ച്ചാനിരക്ക് കൂടിയ സമുദായം വളരുന്നുവെന്നും മറ്റേത് തളരുന്നുവെന്നുമാണ്.”- ഷമിക രവി പറയുന്നു.
ലോകത്തിലെ 169 രാജ്യങ്ങളിലെ ന്യൂനപക്ഷസമുദായങ്ങളുടെ ചരിത്രവും സമിതി പഠിച്ചു. ആഫ്രിക്കയിലെ 22 രാജ്യങ്ങളില്‍ അനിമിസം (എല്ലാ ജീവികളിലും ജീവന് ഉണ്ടെന്ന് വിശ്വസിക്കുന്ന തദ്ദേശമതം) എന്ന മതമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അവിടങ്ങളിലെ മുഴുവന്‍ ആളുകളും ഒന്നുകില്‍ ഇസ്ലാമിലേക്കോ അതല്ലെങ്കില്‍ ക്രിസ്ത്യന്‍ മതത്തിലേക്കോ മാറി. അതോടെ അനിമിസം തുടച്ചുനീക്കപ്പെട്ടു. അതായത് ഇവിടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ ജനനനിരക്ക് കൂടിയിട്ടല്ല, അവിടുത്തെ ജനങ്ങള്‍ക്കിടിയില്‍ അനിമിസം കുറഞ്ഞുവന്നത്. പകരം അവരെല്ലാം മതപരിവര്‍ത്തനത്തിന് വിധേയരാവുകയായിരുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും ഇങ്ങിനെയാണ് ക്രിസ്ത്യന്‍ മതമോ ഇസ്ലാം മതമോ വളര്‍ന്ന് ഭൂരിപക്ഷമതമായി മാറിയത്.
“പക്ഷെ ഈ നഗ്നസത്യങ്ങള്‍ പുറത്തുപറയുമ്പോള്‍ അക്കാദമിക് തലത്തിലുള്ളവര്‍ എതിര്‍ക്കുന്നു. കഴിഞ്ഞ ഭരണത്തിലെ ഉദ്യോഗസ്ഥരും എതിര്‍ക്കുന്നു. കാരണം അവര്‍ക്ക് ഈ നഗ്നസത്യങ്ങള്‍ നേരിടാന്‍ വയ്യ. ജനസംഖ്യാഘടനയിലെ മാറ്റം അസ്വസ്ഥതയുണ്ടാക്കുന്നത്. അത് വളരെ സാവധാനത്തിലാണ് നടക്കുന്നത്. പക്ഷെ അത് നടക്കുന്നു എന്നത് സത്യമാണ്.” – ഡോ.ഷമിക രവി ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാമാറ്റത്തിന് കാരണം രാഷ്ട്രീയ കാഴ്ചപ്പാടുകളാണെന്നതിനോട് ഡോ.ഷമിക രവിയ്ക്ക് യോജിക്കുന്നില്ല. “ജനസംഖ്യാഘടനയിലെ ഈ മാറ്റം മോദിയോ രാഹുല്‍ ഗാന്ധിയോ സൃഷ്ടിക്കുന്ന ഒന്നല്ല. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് അടിസ്ഥാനസത്യങ്ങളാണ്. ”
പടിഞ്ഞാറന്‍ യൂറോപ്പില്‍ ന്യൂനപക്ഷ മുസ്ലിങ്ങള്‍ വന്‍തോതില്‍ വളര്‍ന്നു. ഇത് അവര്‍ക്കിടയിലെ സന്താനോല്പാദന നിരക്ക് വര്‍ധിച്ചതുകൊണ്ടല്ല. മതപരിവര്‍ത്തനവും മറ്റു രാജ്യങ്ങളില്‍ നിന്നും ആളുകള്‍ അങ്ങോട്ട് കുടിയേറുന്നതും മൂലമാണ്. അതേ സമയം, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്, ഭൂട്ടാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ ഹിന്ദു ന്യൂനപക്ഷസമുദായങ്ങള്‍ വലിയ തോതില്‍ ശോഷിച്ചു. കാരണം അവിടെ ഹിന്ദുമതപരിവര്ത്തനം ഇല്ല. ഹിന്ദുമതത്തിന് അങ്ങിനെ ഒരു പദ്ധതി ഇല്ല. “രാഷ്ട്രീയമല്ല ഭാരതത്തിലെ ജനസംഖ്യാഘടന അട്ടിമറിക്കുന്നത്. പകരം ജനസംഖ്യാഘടനയിലെ മാറ്റം രാഷ്ട്രീയന്യായീകരണത്തിനും രാഷ്ട്രീയമായ ആഖ്യാനത്തിനും കാരണമാകുന്നു എന്ന് പറയുന്നതാവും ശരി.”-ഡോ.ഷമിക രവി വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: