പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ അടഞ്ഞുകിടക്കുന്ന ഗോഡൗണിൽ നിന്ന് രണ്ടുകോടി വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എഎസ്പിയുടെ പ്രത്യേക ടീമാണ് പെരുമ്പാവൂർ വല്ലം റയോൺസ് കമ്പനിക്ക് സമീപമുള്ള ഗോഡൗണിൽ റെയ്ഡ് നടത്തി 400 ഓളം ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം സ്വദേശിയായ അയ്യൂബ്ഖാന്റെ ഉടമസ്ഥതയിലുള്ള ഗോഡൗൺ ആണിത്. അയ്യൂബ് ഖാൻ വല്ലം സ്വദേശിയായ അബ്ദുൾ അസീസിനെ ഗോഡൗൺ നോക്കി നടത്താൻ ഏൽപ്പിച്ചിരിക്കുകയായിരുന്നു. ഇയാളിൽ നിന്ന് വല്ലം കുന്നത്താൻ സുബൈർ ആണ് ഗോഡൗൺ എടുത്തിരുന്നത്.
പ്ലാസ്റ്റിക് കമ്പനിയുടെ മറവിലാണ് പുകയില ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത്. കുറച്ചു നാളുകളായി ഗോഡൗൺ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. രാത്രികാലങ്ങളിലാണ് ഗോഡൗണിൽ വലിയ ലോറികളിൽ പുകയിലുൽപന്നങ്ങൾ എത്തിച്ചിരുന്നത്.
അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു. കഴിഞ്ഞ മാസം മുടിക്കലിലുള്ള ഗോഡൗണിൽ നിന്ന് 500 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങളും സിഗരറ്റും പിടികൂടിയിരുന്നു.
ഡി വൈഎസ്പി പി എം ബൈജു, ഇൻസ്പെക്ടർ ടി.എം സൂഫി , സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, അജിത്ത് മോഹൻ, എം.ബി ജയന്തി, സന്ദീപ് എന്നിവരാണ് റെയ്ഡിനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: