Kerala

അന്ന് ജോണ്‍ ബ്രിട്ടാസ് മാതാ അമൃതാനന്ദമയിയ്‌ക്കെതിരെ വിവാദമുണ്ടാക്കിയപ്പോള്‍ അമ്മയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്…

മഹാകുംഭമേളയെ അധിക്ഷേപിച്ച് സംസാരിച്ച ജോണ്‍ ബ്രിട്ടാസ് എന്നും ഹിന്ദുത്വത്തിന് എതിരായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വര്‍ധിക്കുന്നു. പണ്ട് മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞുപോയ വിദേശവനിത ഗെയിൽ ട്രെഡ്‌വെൽനെ വിദേശരാജ്യത്ത് പോയി അഭിമുഖം ചെയ്യാന്‍ വലിയ ഉത്സാഹവും തിടുക്കവുമായിരുന്നു അന്ന് ജോണ്‍ ബ്രിട്ടാസ് കാണിച്ചത്.

Published by

തിരുവനന്തപുരം:  മഹാകുംഭമേളയെ അധിക്ഷേപിച്ച് സംസാരിച്ച ജോണ്‍ ബ്രിട്ടാസ് എന്നും ഹിന്ദുത്വത്തിന് എതിരായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വര്‍ധിക്കുന്നു. പണ്ട് മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞുപോയ വിദേശവനിത ഗെയിൽ ട്രെഡ്‌വെൽനെ വിദേശരാജ്യത്ത് പോയി അഭിമുഖം ചെയ്യാന്‍ വലിയ ഉത്സാഹവും തിടുക്കവുമായിരുന്നു അന്ന് ജോണ്‍ ബ്രിട്ടാസ് കാണിച്ചത്.

സംഗതി വിവാദമായപ്പോള്‍ സിപിഎമ്മും ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ച് മാതാ അമൃതാനന്ദമയിക്ക് ആര്‍എസ്എസ് സംരക്ഷണം നല്‍കുകയാണെന്ന് ആരോപിച്ച് രംഗത്ത് വന്നു. അന്ന് മാതാ അമൃതാനന്ദമയിയുടെ മഠത്തിലെ ആരോപണം ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയത് മറുപടി ഇതാണ്:”മാതാ അമൃതാനന്ദമയിയും അവരുടെ മഠവും നല്‍കിയ സംഭാവനകള്‍ വിസ്മരിക്കരുത്. മുന്‍ കാലങ്ങളില്‍ അവര്‍ ചെയ്ത സേവനം ഓര്‍മ്മിക്കണം. അമ്മ സമൂഹത്തിന് ചെയ്ത വലിയ സേവനങ്ങള്‍ പിണറായിക്ക് അറിയില്ലായിരിക്കാം. എന്നാല്‍ അവരുടെ സേവനം നേരിട്ട് കണ്ട ആളെന്ന നിലയ്‌ക്ക് അവരെ വിമര്‍ശിക്കാന്‍ എനിക്ക് സാധിക്കില്ല. സുനാമി ദുരന്തത്തില്‍ എല്ലാവരും പകച്ചുനിന്നപ്പോള്‍ ആദ്യമായി സമൂഹത്തിന്റെ സുരക്ഷയ്‌ക്കായി മുന്നോട്ട് വന്നത് മാതാ അമൃതാനന്ദമയിയും അവരുടെ മഠവുമാണ്. ഒരു പുസ്തകത്തില്‍ എഴുതിയ ആരോപണത്തിന്റെ പുറത്ത് അമ്മയെ വിമര്‍ശിക്കരുത്. അവര്‍ മുന്‍കാലങ്ങളില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് പിണറായി മറക്കരുത്”- ഇതായിരുന്നു അന്നത്തെ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അമൃതാനന്ദമയിയുടെയും മഠത്തിന്റെയും കരുണാസ്പര്‍ശം മോദി അറിഞ്ഞത് 2002ല്‍ ഗുജറാത്തിലെ കച്ചില്‍ ഭൂകമ്പമുണ്ടായപ്പോഴാണ്. പാകിസ്ഥാനില്‍ നിന്നും വെറും 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശത്ത് 6.9 റിച്ചര്‍സ്കെയിലില്‍ ഭൂമി കുലുങ്ങിയപ്പോള്‍ 20,000 പേര്‍ കൊല്ലപ്പെട്ടു. അന്ന് മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ അമൃതാനന്ദമയീമഠം ഇരുകയ്യും നീട്ടി കച്ചിനെ ആലിംഗനം ചെയ്തു. അന്ന് മൂന്ന് ഗ്രാമങ്ങള്‍ അമ്മ ദത്തെടുത്തു. ദഗാര, മൊഡസര്‍, മൊഖാന എന്നീ ഗ്രാമങ്ങള്‍. ഇവിടെ 500 ചതുരശ്ര അടിയുള്ള 3000 വീടുകളാണ് മഠം നിര്‍മ്മിച്ചുകൊടുത്തുത്. പരിക്കേറ്റവര്‍ക്കും രോഗബാധിതര്‍ക്കും അമൃത ആശുപത്രിയിലെ വിദഗ്ധ സംഘം മെഡിക്കല്‍ സഹായങ്ങള്‍ നല്‍കി. സ്കൂളുകള്‍, ചെറിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, റോഡുകള്‍, ജലവിതരണം, അഴുക്കജലനിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതികള്‍ എന്നിവ നടപ്പാക്കി. ഒട്ടാകെ 40 കോടി രൂപയാണ് മഠം ഇവിടെ ചെലവഴിച്ചത്. ഈ കാരുണ്യസ്പര്‍ശം മോദിയുടെ ഹൃദയത്തില്‍ എന്നുമുണ്ടായി.

അങ്കമാലീസ് ഡയറീസ് എന്ന സിനിമ പുറത്തിറങ്ങിയപ്പോഴും ജോണ്‍ ബ്രിട്ടാസ് ഹിന്ദുമതത്തിന് എതിരായ ഒരു പ്രസ്താവന നടത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട നടന്ന ഒരു ചടങ്ങിലെ ചോദ്യോത്തരവേളയിലായിരുന്നു ഇത്. ഹിന്ദു മതത്തിന് മുൻപ് ക്രിസ്തുമതം ഇന്ത്യയിൽ വന്നു എന്ന രൂപത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പ്രസ്താവന. “ഇന്നത്തെ രൂപത്തിൽ നമ്മൾ കാണുന്ന ഹിന്ദുമതം (ബ്രാഹ്മണൻ മുതൽ താഴേക്കുള്ള ജാതി ഘടനകൾ), ഉരുത്തിരിയുന്ന ഘട്ടത്തിലോ അതിനു മുൻപോ ക്രൈസ്തവ വിശ്വാസം കേരളക്കരയിലെത്തിയെന്നും അത് തികച്ചും തദ്ദേശീയ സ്വഭാവമാണ് ആർജ്ജിച്ചിരുന്നതെന്നുമാണ് ഞാൻ സൂചിപ്പിച്ചത്.” – ജോണ്‍ ബ്രിട്ടാസ് അന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചതാണിത്. എന്തായാലും സംഗതി വിവാദമായപ്പോള്‍ ജോണ്‍ ബ്രിട്ടാസ് അന്ന് ഫെയ്സ് ബുക്കില്‍ നടത്തിയ പ്രതികരണത്തിലെ മറ്റൊരു ഭാഗം ഇങ്ങിനെ:”ഗെയിൽ ട്രെഡ്‌വെൽ നെ അഭിമുഖം ചെയ്തപ്പോൾ എന്നെ ഹിന്ദുവിരുദ്ധനാക്കാനായിരുന്നു ചിലരുടെ തത്രപ്പാട്. ആ കള്ളിയിൽ എന്നെ ഒതുക്കാൻ കഴിയാത്തതുകൊണ്ടാകാം, ഒരു സിനിമാ ആസ്വാദന വിനോദ പരിപാടിക്കിടയിലെ പരാമർശത്തെ വളച്ചുകൂട്ടി ഇപ്പോഴത്തെ പടപ്പുറപ്പാട്. ദേശീയ രാഷ്‌ട്രീയത്തിലെ ചില സംഭവ വികാസങ്ങൾ ഇതിനവർക്ക് ഊർജ്ജം പകരുന്നുണ്ടാവും. ”
ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് കേന്ദ്രബജറ്റിനോടുള്ള പ്രതികരണമായി ജോണ്‍ ബ്രിട്ടാസിന്റെ നാവില്‍ നിന്നും വീണ വാക്കുകള്‍. ചൈന എഐയില്‍ തിരമാലകള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യ മഹാകുംഭമേളഇല്‍ മുങ്ങിക്കുളിക്കുകയാണ് എന്നതായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ഹിന്ദുമതത്തെ അധിക്ഷേപിച്ചുള്ള വാക്കുകള്‍.

ഇനി സിപിഎമ്മും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ മാറിവന്ന സമവാക്യവും അറിയാന്‍ ശ്രമിക്കാം. ആദ്യപിണറായി സര്‍ക്കാരിന്റെ കാലത്ത്, പിണറായിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഒരു ചോദ്യോത്തരപരിപാടി ജോണ്‍ ബ്രിട്ടാസ് സംഘടിപ്പിച്ചിരുന്നു. 2019ല്‍ നടന്ന ഒരു ചോദ്യോത്തര പരിപാടിയില്‍ പിണറായി അമൃതാനന്ദമയിയെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ് :”അമൃതാനന്ദമയിയെ തെറ്റായ വഴിക്ക് നയിക്കാന്‍ എല്ലാക്കാലത്തും ഒരു കൂട്ടര്‍ പരിശ്രമിച്ചിരുന്നെന്നും അത് സംഘപരിവാര്‍ ആണെന്നും എല്ലാവര്‍ക്കുമറിയാം. അതിലൊന്നും കുടുങ്ങാതെ നില്‍ക്കാനുള്ള ആര്‍ ജ്ജവം അമൃതാനന്ദമയി കാണിച്ചിരുന്നു. ” ഈ പരിപാടിയിലും ചോദ്യകര്‍ത്താവായി പരിപാടിയില്‍ പങ്കെടുത്തത് ജോണ്‍ ബ്രിട്ടാസ് ആണെന്നതാണ് രസകരം.

ഇതിന്റെ തുടര്‍ച്ചയാണ് പിണറായി വിജയനും അമൃതാനന്ദമയിയും തമ്മിലുള്ള ഒരു കഥയുണ്ട്. തന്റെ മകള്‍ക്ക് ബിടെക് സീറ്റിനായി അമൃതാനന്ദമയിയെ സമീപിക്കേണ്ടിവന്ന കഥ. അന്തരിച്ച ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാണ് ഈ ആരോപണം ഉന്നയിച്ചത്. അന്ന് അമൃതാനന്ദമയിയെ വിമര്‍ശിച്ച പിണറായിയുടെ മകള്‍ക്ക് കോയമ്പത്തൂരിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിടെകിന് സീറ്റ് നല്‍കിയത് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടാണെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പറയുന്നു. ഈ സംഭവത്തില്‍ ഇടനിലക്കാരന്‍ താനായിരുന്നെന്നും പിണറായിയുടെ മകളുടെ കോയമ്പത്തൂരിലെ ലോക്കല്‍ ഗാര്‍ഡിയന്‍ തമിഴ് വ്യവസായി വരദരാജനാണെന്നും ബെര്‍ളിന്‍ കുഞ്ഞനന്തന്‍നായര്‍ വെളിപ്പെടുത്തിയിരുന്നു. സ്വാശ്രയകോളെജിലേക്ക് പാര്‍ട്ടി നേതാക്കളുടെ മക്കളെ അയക്കരുതെന്ന തിട്ടൂരം ലംഘിച്ചാണ് ഈ അഡ്മിഷന്‍ നടത്തിയതെന്നും ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പറയുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക