വിക് ആന്‍ സീ (നെതര്‍ലാന്റ്സ് ) : ചെസ്സില്‍ ലോകചാമ്പ്യനായ ശേഷം ഡി.ഗുകേഷിന് ആദ്യത്തെ തോല്‍വി. ഇന്ത്യക്കാരനായ അര്ജുന് എരിഗെയ്സിയാണ് ടാറ്റാ സ്റ്റീല്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഗുകേഷിനെ തോല്പിച്ചത്.
ഗുകേഷിന് വലിയ ഷോക്കാണ് ഈ തോല്‍വിയിലൂടെ സംഭവിച്ചത്. കാരണം പ്രജ്ഞാനന്ദയോടൊപ്പം എട്ടര പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയായിരുന്നു ഗുകേഷ്. ഈ തോല്‍വിയോടെ ചെസ്സിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ചാമ്പ്യനാകാനുള്ള സാധ്യത മങ്ങി. പ്രജ്ഞാനന്ദയുടെ കളി പുരോഗമിക്കുകയാണ്. ജര്‍മ്മന്‍ താരം വിന്‍സെന്റ് കെയ്മറുമായി ഒരു സമനില ലഭിച്ചാല്‍പോലും പ്രജ്ഞാനന്ദയ്ക്ക് ഒമ്പത് പോയിന്റാവും, കിരീടവും നേടാം. ഇനി പ്രജ്ഞാനന്ദ തോറ്റാല്‍ മാത്രമാണ് ഗുകേഷും പ്രജ്ഞാനന്ദയും വീണ്ടും എട്ടര പോയിന്റോടെ നിലകൊള്ളുക. എങ്കില്‍ ടാറ്റാ സ്റ്റീല്‍ ചെസ് ടൈ ആകും. അതോടെ വിജയിയെ തീരുമാനിക്കാന്‍ റാപിഡ് ചെസ് കളിക്കേണ്ടിവരും. ഏഴര പോയിന്റോടെ നില്ക്കുന്ന ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറോവ് യുഎസിന്റെ ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാല്‍ സത്തൊറോവും എട്ടര പോയിന്റ് എന്ന നിലയില്‍ എത്തും. പ്രജ്ഞാനന്ദയുടെയും നോഡിര്‍ബെക് സത്തൊറോവിന്റെയും കളി പുരോഗമിക്കുകയാണ്.
അര്ജുന് എരിഗെയ്സിയുടെ തിരിച്ചുവരവ്
ടാറ്റാ സ്റ്റീല്‍ ചെസ്സ് 2025ല്‍ ആദ്യ 11 റൗണ്ടുകളില്‍ മങ്ങിയ പ്രകടനം കാഴ്ചവെച്ച അര്ജുന് എരിഗെയ്സി 12ാം റൗണ്ടില്‍ അപാരമായി ഉയിര്ത്തഴുന്നേല്ക്കുകയായിരുന്നു. അദ്ദേഹം 12ാം റൗണ്ടില്‍ നല്ല ഫോമിലായിരുന്ന, ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മികച്ച വിജയങ്ങളോടെ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 13ാം റൗണ്ടില്‍ ഗുകേഷിനെയും തോല്പിച്ചത്. വാസ്തവത്തില്‍ ഫിഡെ റേറ്റിങ്ങില്‍ 2800ല്‍ അധികം പോയിന്റുള്ള ഒരേയൊരു താരമാണ് അര്ജുന് എരിഗെയ്സി. ഗുകേഷിന് 2777 പോയിന്റേ ഉള്ളൂ. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനാണ് അര്ജുന് എരിഗെയ്സി. ഗുകേഷിന് അഞ്ചാം സ്ഥാനമേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: