ആദികേശവന്‍
സാമ്പത്തിക വിദഗ്ധന്‍
ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിനോടൊപ്പം ജനക്ഷേമത്തിനുള്ള നീക്കിയിരിപ്പ് നടത്തി മധ്യവര്‍ഗത്തിന് ഇളവുകള്‍ പ്രഖ്യാപിച്ച സര്‍വ്വതല സ്പര്‍ശിയായ ബജറ്റാണ് കേന്ദ്രധനമന്ത്രി നി
ര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. കുറേ വര്‍ഷങ്ങള്‍ക്കിടയ്‌ക്കുള്ള ഏറ്റവും ചുരുങ്ങിയ ബജറ്റ് പ്രസംഗമായിരുന്നിട്ടും ദൂരവ്യാപകമായ നേട്ടങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രധാനമായും ആദായനികുതി ഇളവ് തന്നെയാണ് എടുത്ത് പറയേണ്ടത്. ആ നികുതി ഇളവിന്റെ തോത് പുതുതായിവരുന്ന നികുതിദായകര്‍ക്ക് നികുതി നല്‍കേണ്ട പരിധി ഏഴ് ലക്ഷം ആയിരുന്നത് 12 ലക്ഷമായി ഉയര്‍ത്തി.
നികുതിദായകരുടെ ആശങ്കകള്‍ മാറ്റുന്ന രണ്ട് തീരുമാനങ്ങള്‍ കൂടി ശ്രദ്ധേയമായുണ്ട്. 60 വയസു കഴിഞ്ഞവര്‍ക്ക് പലിശയിനത്തിലെ നികുതി ഇളവ് നേരത്തെ ഉണ്ടായിരുന്നത് അന്‍പതിനായിരം രൂപയായിരുന്നത് ഒരു ലക്ഷമായി ഉയര്‍ത്തി. അത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. വാടകയിനത്തിലെ വരുമാനത്തില്‍ നികുതി നല്‍കേണ്ടാത്ത പരിധി മാസം 20,000 രൂപയും വര്‍ഷത്തില്‍ 2,40,000 രൂപയും ആയിരുന്നത് യഥാക്രമം 50,000, 6,00,000 എന്നിങ്ങനെ ഉയര്‍ത്തി.
കാര്‍ഷിക മേഖല, എംഎസ്എംഇ സെക്ടര്‍ തുടങ്ങിയവയില്‍ നല്ല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്‌ക്ക് വേണ്ടി പ്രധാനമന്ത്രി ധന്‍ ധ്യാന്‍ യോജന എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കിയിരുന്ന വായ്പയ്‌ക്കുള്ള പലിശയിളവ് മൂന്നു ലക്ഷം രൂപയായിരുന്നത് അഞ്ച് ലക്ഷമായി ഉയര്‍ത്തി. കര്‍ഷകര്‍ നല്‍കേണ്ട പലിശയുടെ തോത് ഗണ്യമായി കുറയും. ഏകദേശം 4.5 ശതമാനമാണ് പിലശ ഇളവ്. അഞ്ച് ലക്ഷത്തിലേക്ക് ഉയരുമ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് വലിയ നേട്ടം ഉണ്ടാകും. എംഎസ്എംഇ മേഖലയക്കും.
എംഎസ്എംഇയുടെ നിര്‍വചനത്തില്‍ത്തന്നെ മാറ്റം വരുത്തി. നേരത്തെ 50 കോടി വരെ മുടക്കുമുതലാണ് മീഡിയം സ്‌കെയില്‍ യൂണിറ്റിന് അനുവദിച്ചിരുന്നതെങ്കില്‍ ഇന്ന് അതിന്റെ പരിധി ഉയര്‍ത്തി 125 കോടിയാക്കി ഉയര്‍ത്തി. ഗ്യാരണ്ടി സ്‌കീമില്‍ ഈടില്ലാതെ കൊടുക്കുന്ന വായ്പാപരിധി അഞ്ച് കോടിയില്‍ നിന്നും 10 കോടിയാക്കി. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ചെറുകിട വ്യവസായം തുടങ്ങി സാധാരണ പ്രാധാന്യം നല്‍കേണ്ട എല്ലാ മേഖലയിലും ചലനം സൃഷ്ടിക്കാനുള്ള നടപടികളാണ് ബജറ്റില്‍ കാണുന്നത്.
ധനക്കമ്മി പിടിച്ചു നിര്‍ത്തി എന്ന് അവകാശപ്പെടാവുന്ന ബജറ്റാണിത്. നടപ്പു സാമ്പത്തിക വര്‍ഷം നേരത്തെ ഉദ്ദേശിച്ചിരുന്ന 4.9 ശതമാനത്തില്‍ നിന്നും 0.1 ശതമാനമെങ്കിലും കുറച്ച് 4.8 ശതമാനമാക്കാനായി. ഇനിവരുന്ന സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി സര്‍ക്കാരിന്റെ കണക്കുപ്രകാരം 4.4 ശതമാനമാണ്. അതേസമയം പദ്ധതിക്ക് വേണ്ടിയുള്ള നീക്കിയിരുപ്പില്‍ ഒരുതരത്തിലുള്ള വെട്ടിച്ചുരുക്കലും വരുത്താതെ വളരെ നല്ലൊരു ധനകാര്യ മാനേജ്‌മെന്റ് നടത്താനും ബജറ്റിന് സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അധികചെലവിന് വേണ്ടിവരുന്ന അധിക വിഭവം നികുതി ഇനത്തില്‍ത്തന്നെയാണ് സര്‍ക്കാര്‍ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്. നികുതി പിരിവിന്റെ കാര്യക്ഷമത ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മധ്യവര്‍ഗത്തിലെ നികുതി ഇളവ് ഉള്‍പ്പെടെ നല്‍കികൊണ്ട് വിപണയിലെ ക്രയ വിക്രയശേഷി വര്‍ധിപ്പിക്കുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യാനായി എന്നുവേണം ബജറ്റിനെ വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്.
അടിസ്ഥാന മേഖലയ്‌ക്ക് വേണ്ടിയുള്ള ഫണ്ട് കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തെ ബജറ്റിലെ പോലെ തന്നെ തുടരുന്നുണ്ട് എന്നതും ശ്രദ്ധേയാണ്. കഴിഞ്ഞ വര്‍ഷത്തേത് 11.11 ലക്ഷം കോടിയായിരുന്നു. ഇത്തവണയും 11 ലക്ഷം കോടി നേരിട്ട് സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. വകുപ്പ് തിരിച്ചുള്ള വിഭവചെലവ് കൂടി കണക്കിലെടുത്താന്‍ 15 ലക്ഷം കോടിയോളം അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി മാത്രം ചെലവഴിക്കും. ചെലവ് ചുരുക്കാതെയും നികുതി വിഭവം കൃത്യമായി പിരിച്ചെടുത്തും ആവശ്യമായ മേഖലകളിലെല്ലാം അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. സമഗ്രമായ പുരോഗതിക്കും സമ്പത്ത് ഘടനയുടെ ഉയര്‍ച്ചയ്‌ക്കും പ്രയോജനമാകുന്ന പാക്കേജാണ് ബജറ്റെന്ന് നിസംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: