ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിനു മൂന്ന് ദിവസം മാത്രം ശേഷിക്കേ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജിവച്ച എട്ട് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ഡ, ദല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് എംഎല്‍എമാര്‍ അംഗത്വം സ്വീകരിച്ചത്.
എംഎല്‍എമാരായ നരേഷ് യാദവ്, രോഹിത് മെഹ്റൗലിയ, രാജേഷ് ഋഷി, മദന്‍ലാല്‍, പവന് ശര്‍മ, ഭാവന ഗൗര്‍, ബി.എസ്. ജൂണ്‍, ഗിരീഷ് സോണി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നവര്‍. ഇവര്‍ക്കു പിന്നാലെ പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.
അഴിമതിയില്‍ മനംമടുത്താണ് എംഎല്‍എമാര്‍ ആപ്പില്‍ നിന്നു രാജിവച്ചതെന്നു ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ദല്‍ഹിയില്‍ വന്‍അഴിമതിയും ദുര്‍ഭരണവുമാണ് ആപ് നടത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ആപ് നേതാക്കള്‍ക്കു ദല്‍ഹിയെ കൊള്ളയടിക്കാന്‍ സ്വാതന്ത്ര്യം നല്കി. ശീഷ്മഹല്‍ മുതല്‍ മദ്യനയ കുംഭകോണം വരെ ആപ്പിന്റെ എല്ലാ അഴിമതികളും സിഎജി റിപ്പോര്‍ട്ടിലുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: