തിരുവനന്തപുരം: അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവരുടെ കൊലപാതക കേസിലെ പ്രതി ഷെറിന് ശിക്ഷാ ഇളവ് നല്‍കിയതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി . കെ ബി ഗണേഷ് കുമാര്‍ അടക്കം രണ്ട് മന്ത്രിമാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സംശയമെന്നും അബിന്‍ വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഷെറിന് ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതി മുമ്പാകെ വന്നപ്പോള്‍ പെട്ടെന്നാണ് തീരുമാനം വന്നത്. മന്ത്രിസഭയുടെയും അനുകൂല തീരുമാനം ഉണ്ടായി. ചാനല്‍ ചര്‍ച്ചക്കിടെ കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഇതിന് പിന്നില്‍ ഗണേഷ് കുമാറിനും പേഴ്‌സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് ആരോപിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതികരണം നടത്താന്‍ പോലും ഇവരാരും തയാറായിട്ടില്ലെന്ന് അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.
ഇത് അര്‍ത്ഥമാക്കുന്നത് എന്തോക്കെയോ അവിടെ നടന്നിട്ടുണ്ടെന്നാണ്. ഷെറിന്റെ ബെസ്റ്റിയാണ് ഗണേഷ് കുമാര്‍ എന്ന് സംശയിക്കപ്പെടുന്ന തരത്തിലാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ജയിലിലുളള പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്. ഒരു മന്ത്രിക്ക് മാത്രമല്ല ഇതില്‍ പങ്ക്. ഷെറിന്റെ ബെസ്റ്റിയാണ് ഗണേഷ് കുമാറെങ്കില്‍ ലോക്കല്‍ ഗാര്‍ഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരില്‍ തന്നെയുണ്ട്.
ഇങ്ങനെ രണ്ട് മന്ത്രിമാരുടെ ഇടപെടലാണ് ഷെറിന് അതിവേഗ ശിക്ഷായിളവ് കിട്ടുന്നതിന് കാരണമായതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതാണോ ഷെറിന്റെ മാനസാന്തരമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക