India

ക്യാന്‍സറിനുള്ള മരുന്നുള്‍പ്പെടെ 36 ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതിന് നിര്‍മ്മല സീതാരാമന്‍ മെഡിക്കല്‍ മേഖലയുടെ കയ്യടി

ക്യാന്‍സറിനുള്ള മരുന്നുള്‍പ്പെടെ 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയ നിര്‍മ്മല സീതാരാമന്‍റെ കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തിന് മെഡിക്കല്‍ മേഖലയുടെ കയ്യടി

Published by

ന്യൂദല്‍ഹി: ക്യാന്‍സറിനുള്ള മരുന്നുള്‍പ്പെടെ 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയ നിര്‍മ്മല സീതാരാമന്റെ കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തിന് മെഡിക്കല്‍ മേഖലയുടെ കയ്യടി. 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതിന് പുറമെ 37ഓളം മറ്റ് അത്യാവശ്യമരുന്നുകളുടെ കസ്റ്റംസ് തീരുവയും അഞ്ച് ശതമാനം കുറയ്‌ക്കാനാണ് തീരുമാനം.

ശ്വാസകോശ ക്യാന്‍സറിനുള്ള ടെപോടിനിബ് (Tepotinib), ചില ക്യാന്‍സറുകള്‍ക്കുള്ള ആന്‍റി ബോഡിയായ അവെലുമാബ് (Avelumab), രക്താര്‍ബുദത്തിനുള്ള അസിമിനിബ് (Asciminib), പോംപെ രോഗത്തിനുള്ള അല്‍ ഗ്ലുകോസിഡേസ് ആല്‍ഫ(Alglucosidase Alfa), കടുത്ത ആസ്തമയ്‌ക്കുള്ള മെപോലിസുമാബ് (Mepolizumab)എന്നിവ കസ്റ്റംസ് തീരുവ ഒഴിവാക്കിയ മരുന്നുകളില്‍ ഉള്‍പ്പെടുന്നു.

ഇത് ക്യാന്‍സറും മറ്റ് അത്യപൂര‍്വ്വ രോഗങ്ങളും ബാധിച്ച കുടുംബങ്ങളുടെ ചികിത്സാഭാരം കുറയ്‌ക്കും. ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്. നാഷണല്‍ സെന്‍റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളിന്റെ കണക്ക് പ്രകാരം 2021ല്‍ 2.6 കോടി ക്യാന്‍സര്‍ ബാധിതരാണ് ഉണ്ടായിരുന്നതെങ്കില്‍ അതിപ്പോള്‍ 2.9 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഒമ്പതില്‍ ഒരാള്‍ക്ക് ജീവിതഘട്ടത്തില്‍ എപ്പോഴെങ്കിലും ക്യാന്‍സര്‍ രോഗലക്ഷണം ഉണ്ടാകാമെന്നതാണ് സ്ഥിതി. ഇന്ത്യയില്‍ ഏഴ് കോടി പേര്‍ അപൂര്‍വ്വ രോഗങ്ങള്‍ക്ക് അടിമയാണ്. ഇന്ത്യന്‍ ഡ്രഗ്സ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ധാരാ പട്ടേല്‍ പറയുന്നത് 36 ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശരിയായ ദിശയില്‍ യാത്ര ചെയ്യുന്നു എന്നാണ്. ഇതോടെ ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറയും.

രാജ്യത്ത് 200 ക്യാന്‍സര്‍ ഡേ കെയര്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിലാണ് ഈ ക്യാന്‍സര്‍ ഡേ കെയര്‍ സെന്‍ററുകള്‍ സ്ഥാപിക്കുക. ഇവിടെ കീമോതെറപ്പി, ഇമ്മ്യൂണോ തെറപ്പി എന്നിവയ്‌ക്ക് സൗകര്യം ഉണ്ടായിരിക്കും. ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണം 2025ല്‍ 2.9 കോടിയായി ഉയരുമെന്ന് പറയപ്പെടുന്നു. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കൂടുതല്‍ ക്യാന്‍സര്‍ രോഗികള്‍ ഉള്ളത്.

ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍സട്രി ഫെഡറേഷന്‍ ഹെല്‍ത്ത് സര്‍വ്വീസ് ചെയര്‍മാന്‍ ഹര്‍ഷ് മഹാജന്‍ പറയുന്നത് അപൂര്‍വ്വ രോഗം ബാധിച്ചവര്‍ക്ക് ചികിത്സാഭാരത്തില്‍ നിന്നുള്ള വലിയ ആശ്വാസമായിരിക്കും ഇതുവഴി ലഭിക്കുക എന്നാണ്.

ദാരിദ്ര്യ നിർമാർജനമാണ് ലക്ഷ്യമെന്നും വികസനത്തിന് ഊന്നൽ നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വളർച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിന്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങളാണ് പ്രധാന ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ആമുഖമായി ധനകാര്യമന്ത്രി പറഞ്ഞു. ദല്‍ഹിയിലെ സി.കെ. ബിര്‍ള ആശുപത്രിയിലെ ഡോ മന്‍ദീപ് സിങ്ങ് മല്‍ഹോത്ര പറയുന്നത് ക്യാന്‍സറിന് ഡേ കെയര്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നത് രാജ്യത്തിന്റെ ക്യാന്‍സര്‍ ചികിത്സാരംഗത്തെ ഭാരം വല്ലാതെ കുറയ്‌ക്കുമെന്നാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക