Kerala

വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ ദമ്പതികള്‍ക്ക് താക്കോല്‍ തിരിച്ച് നല്‍കി, മകള്‍ വീട്ടില്‍ പ്രവേശനം നല്‍കിയത് കേസെടുത്തതിന് പിന്നാലെ

മകള്‍ സിജി സഹോദരന്‍ സാജനെ ഏല്പിച്ച താക്കോല്‍ മാതാപിതാക്കള്‍ക്ക് കൈമാറി

Published by

തിരുവനന്തപുരം:വര്‍ക്കല അയിരൂരില്‍ മകള്‍ വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ ദമ്പതികള്‍ക്ക് താക്കോല്‍ തിരിച്ച് നല്‍കി . വീട്ടില്‍ നിന്ന് ഇവരെ പുറത്താക്കിയ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വീടിന്റെ താക്കോല്‍ മാതാപിതാക്കള്‍ക്ക് തിരിച്ച് നല്‍കിയത്.

വെളളിയാഴ്ച വൈകിട്ടാണ് വര്‍ക്കല അയിരൂരില്‍ 79 വയസുള്ള സദാശിവന്‍, ഭാര്യ 73 വയസുള്ള സുഷമ എന്നിവരെ മകള്‍ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്.പൊലീസ് വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മകള്‍ തയാറായില്ല.അര്‍ബുദരോഗിയായ സദാശിവന്റെയും ഭാര്യ സുഷമയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനല്‍ വഴി മകള്‍ പുറത്തേക്കിടുകയും ചെയ്തു.

സമീപത്ത് താമസിക്കുന്ന മകന്‍ സാജനും മാതാപിതാക്കളെ ഏറ്റെടുക്കാന്‍ തയാറായില്ല . തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറി.

മാതാപിതാക്കളുടെ പരാതിയില്‍ മകള്‍ക്കെതിരെ ശനിയാഴ്ച പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും വഞ്ചന കുറ്റത്തിനുമാണ് അയിരൂര്‍ പൊലീസ് മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ ശനിയാഴ്ച രാവിലെ 11 മണിയോട് കൂടി വൃദ്ധ ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍ തിരികെ ലഭിച്ചു. മകള്‍ സിജി സഹോദരന്‍ സാജനെ ഏല്പിച്ച താക്കോല്‍ മാതാപിതാക്കള്‍ക്ക് കൈമാറി. ഇവര്‍ വീട്ടിലെത്തും മുന്‍പ് തന്നെ മകളും കുടുംബവും വീട്ടില്‍ നിന്ന് മാറി. സ്വത്ത് തര്‍ക്കം മൂലം നേരത്തെയും മാതാപിതാക്കളെ സിജി വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by