കോട്ടയം: പാലക്കാട്ടെ നെല്‍വയലില്‍ നിന്ന് മദ്യമാണോ നെല്ല് ആണോ ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യവുമായി സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ സത്യന് മൊകേരിയുടെ ലേഖനം മുഖപത്രമായ ജനയുഗത്തില്‍. കൃഷിക്ക് ലഭിക്കേണ്ട വെള്ളം മദ്യനിര്‍മ്മാണ കമ്പനിക്ക് വിട്ടുനില്കിയാല് നെല്‍കൃഷി മേഖല തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. മദ്യ കമ്പനി വെള്ളം ചൂഷണം ചെയ്താല്‍ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന് താല്പര്യത്തിനു നിരക്കുന്നതല്ല. കൃഷിക്ക് വേണ്ടിയുള്ള വെള്ളം മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. ആ കൃഷിക്ക് വേണ്ടിയാണ് മലമ്പുഴ ഡാം. ഡാമിലെ വെള്ളത്തില്‍ അളവ് കുറഞ്ഞുവരുന്നു. പാലക്കാട്ട് അമിതമായി വെള്ളം ചൂഷണം ചെയ്യുന്നതിന്റെ ഫലം കൊടുംവരള്‍ച്ചയായിരിക്കും. ഇപ്പോള്‍ നല്കിയ അനുമതി പുന പരിശോധിക്കണമെന്നും അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: