തിരുവനന്തപുരം: ആധുനിക ഹൃദയ ചികിത്സ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോ. കെ എം ചെറിയാന്റെ വേര്‍പാടെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജറി നടത്തിയ ഡോ കെ എം ചെറിയാന് അതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായി വിട പറഞ്ഞത്. രാജ്യത്തെ ആദ്യത്തെ ഹാര്‍ട്ട് ലംഗ് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ലേസര്‍ ഹാര്‍ട്ട്സര്‍ജറി എന്നിങ്ങനെ ഒട്ടേറെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റേതായുണ്ട്.
82-ാം വയസ്സിലും ഊര്‍ജ്ജസ്വലനായി ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സജീവ ഇടപെടല്‍ നടത്തിയ ഡോ കെ എം ചെറിയാന് അനേകം ഹൃദയങ്ങളുടെ രക്ഷകനായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ജനിച്ച് ലോകത്താകെ ആതുരസേവന മേഖലയില്‍ മുദ്ര പതിപ്പിച്ചു. ഹൃദയ ചികിത്സാരംഗത്ത് പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിലും ഏറ്റവും സാധാരണക്കാര്‍ക്ക് വരെ വിദഗ്ധ ചികിത്സ പ്രാപ്യമാക്കുന്നതിനും നിരന്തരം ഇടപെട്ടു. ഈ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ ഭാഗമായുള്ള നവീന ചികിത്സാരീതികളുടെ ലോക നേട്ടങ്ങള്‍ക്കൊപ്പം നടന്ന അദ്ദേഹം അവയെല്ലാം പ്രാപ്യമാവുന്ന സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയെടുത്തു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഹൃദയ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കാന്‍ നിരന്തരം സഞ്ചരിച്ച ഡോ ചെറിയാന് നിരവധി ശിഷ്യഗണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: