പ്രയാഗ്‌രാജ് : വാരണാസി, മഥുര, സംഭാൽ എന്നിവിടങ്ങളിലെ തർക്ക സ്ഥലങ്ങൾ ഹിന്ദു സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് മുസ്ലീം നേതാക്കളോട് അഭ്യർത്ഥിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .പ്രയാഗ്‌രാജിലെ മഹാകുംഭമേള സ്ഥലത്ത് നടന്ന ‘പ്രണാം ഇന്ത്യ’ എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം . കുംഭമേള നടത്തുന്നത് വഖഫ് ഭൂമിയിലാണെന്ന പരാമർശത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു.
“ഞങ്ങൾ ഇതിനകം തന്നെ മഹാകുംഭമേള സംഘടിപ്പിക്കുന്നുണ്ട്. പ്രയാഗ്‌രാജിൽ അവരുടെ വിശാലമനസ്കത ഞങ്ങൾക്ക് ആവശ്യമില്ല. വാരണാസി, മഥുര, സംഭാൽ എന്നിവിടങ്ങളിലെ തർക്ക സ്ഥലങ്ങൾ ഹിന്ദുക്കൾക്ക് കൈമാറുന്നതിൽ മുസ്ലീം നേതാക്കൾ വിശാലമനസ്കത കാണിക്കണം. ശ്രീ ഹരി വിഷ്ണു ക്ഷേത്രം തകർത്ത ശേഷം നിർമ്മിച്ചതായി പറയപ്പെടുന്ന വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, സംഭാലിലെ ഷാഹി ജുമാ മസ്ജിദ് എന്നിവ നിലവിൽ വ്യത്യസ്ത കോടതികളുടെ പരിഗണനയിലുള്ള തർക്ക വിഷയങ്ങളാണ്. അവയ്‌ക്കൊക്കെ തെളിവുകളുമുണ്ട്.
ശുഭ പ്രവൃത്തി ചെയ്യുമ്പോൾ കാലതാമസം ഉണ്ടാകരുത്. അതുകൊണ്ടാണ് സംഭാലിൽ വളരെ പെട്ടെന്ന് സർവ്വേ നടത്തിയത് . ഖനനത്തിനിടെ പഴയ കിണറും കോട്ടകളും കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു പുരാണങ്ങൾ കൂടാതെ, മുഗൾ ചക്രവർത്തി അക്ബറിന്റെ കൊട്ടാര ചരിത്രകാരനായ അബുൽ ഫസൽ എഴുതിയ ഐൻ-ഇ-അക്ബരിയിൽ പോലും സാംഭാലിൽ ഹരി മണ്ഡൽ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് ഒരു വിഷ്ണു ക്ഷേത്രമായിരുന്നുവെന്നും പരാമർശിക്കുന്നുണ്ട്.
ഈ ക്ഷേത്രം അധിനിവേശക്കാരനായ ബാബറിന്റെ കമാൻഡർ തകർത്തു. മുസ്ലീം നേതാക്കൾ നമ്മുടെ പുരാണങ്ങൾ സ്വീകരിച്ചേക്കില്ല, പക്ഷേ അവർ ഐൻ-ഇ-അക്ബരിയെ അംഗീകരിക്കണം. ആ കാലയളവിൽ സാംഭാലിലെ പൂർവ്വികരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത മുസ്ലീങ്ങൾ പോലും അവരുടെ ഗോത്രങ്ങളുടെ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രം പുനർനിർമ്മിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. മുസ്ലീങ്ങളെ തങ്ങളുടെ വോട്ട് ബാങ്കുകളായി കണക്കാക്കുന്ന നേതാക്കളാണ് പ്രശ്നം. അവർ ആശങ്കാകുലരാണ്.നമ്മുടെ വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്, യതോ ധർമ്മ തതോ ജയഃ , ധർമ്മം തന്നെ വിജയിക്കും.
മഹാകുംഭത്തിൽ വരുന്ന ആരോടും അവരുടെ ജാതിയെക്കുറിച്ചോ സമുദായത്തെക്കുറിച്ചോ ഒരിക്കലും ചോദിക്കാറില്ല. ആർക്കും വരാം. എന്നാൽ ആരെങ്കിലും ഹിന്ദു വിശ്വാസത്തെ അനാദരിക്കാൻ ശ്രമിച്ചാൽ അത് കണ്ട് വെറുതെ നിൽക്കില്ല.- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: