ലക്നൗ : യോഗി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹത്തായ മഹാകുംഭമേളയിൽ ഇന്ത്യയിലുടനീളമുള്ള ഭക്തരും, ഋഷിമാരും, വൈവിധ്യമാർന്ന വിഭാഗങ്ങളുടെയും പാരമ്പര്യങ്ങളുടെയും അനുയായികളും പങ്കെടുക്കുന്നു. പുണ്യസംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ എത്തിയ കോടിക്കണക്കിന് ആളുകളിൽ ഛത്തീസ്ഗഡിൽ നിന്നുള്ള രാംനാമി വിഭാഗത്തിന്റെ ഭക്തരും ഉൾപ്പെടുന്നു.
ശരീരം മുഴുവൻ മൂടുന്ന “രാമൻ” എന്ന് പച്ചകുത്തിയ, വെളുത്ത വസ്ത്രം ധരിച്ച, മയിൽപ്പീലി കൊണ്ട് നിർമ്മിച്ച കിരീടങ്ങൾ ധരിച്ച ഇവർ, ത്രിവേണീ സംഗമ തീരത്ത് രാമസൂക്തങ്ങൾ ഉരുവിട്ട് നിൽക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ, ഭിലായ്, ദുർഗ്, ബലോദബസാർ, സാരൻഗഡ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ഭക്തരായ രാംനാമി വിഭാഗം 19-ാം നൂറ്റാണ്ടിലാണ് ഉത്ഭവിച്ചത്. ചില ഗോത്ര വിഭാഗങ്ങളെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും വിഗ്രഹാരാധന നടത്തുന്നതിൽ നിന്നും വിലക്കിയ ജാതി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്കുള്ള പ്രതികരണമായാണ് ഈ സമൂഹം ഉയർന്നുവന്നത്.
പ്രതിഷേധത്തിന്റെയും ഭക്തിയുടെയും ഭാഗമായി, ഇവർ അവരുടെ ശരീരത്തിൽ “രാമൻ” എന്ന നാമം പച്ചകുത്താൻ തുടങ്ങി, തങ്ങളെത്തന്നെ ദൈവികതയുടെ ജീവനുള്ള ക്ഷേത്രങ്ങളാക്കി മാറ്റി.
രാമനാമികൾ ക്ഷേത്ര സന്ദർശനങ്ങളിൽ നിന്നും വിഗ്രഹാരാധനയിൽ നിന്നും വിട്ടുനിൽക്കുന്നു, പകരം ഭഗവാൻ രാമന്റെ രൂപരഹിതമായ ആരാധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവർ രാമനാമം ജപിക്കുകയും രാമചരിതമാനസത്തിലെ വാക്യങ്ങൾ ആലപിക്കുകയും ചെയ്യുന്നു.
ഇന്ന്, രാംനാമി വിഭാഗത്തിന് 10 ലക്ഷത്തിലധികം അനുയായികളുണ്ട്. പുണ്യസ്നാനത്തിൽ പങ്കെടുക്കുന്നത് അവരുടെ സമൂഹത്തിന് പ്രിയപ്പെട്ട ഒരു പാരമ്പര്യമാണെന്ന് രാംനാമികളുടെ വിഭാഗത്തിലെ ഒരു ഭക്തനായ കൗശൽ രാംനാമി പറഞ്ഞു. “മൗനി അമാവാസിയുടെ ശുഭദിനത്തിൽ, ഞങ്ങൾ ‘രാം നാമം’ ജപിക്കുകയും സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
സാരൻഗഡ്, ഭിലായ്, ബലോഡ ബസാർ, ജഞ്ച്ഗിർ എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 200 രാംനാമ അനുയായികൾ ഈ വർഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: