വളരെക്കാലമെടുത്ത് സൂക്ഷ്മമായ തയാറെടുപ്പോടെ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുംഭമേള അതിന്റെ പ്രത്യേകതകള്‍ കൊണ്ട് വേറിട്ടു നില്‍ക്കുന്നു. മറ്റ് കൂടിച്ചേരലുകളില്‍ നിന്നു ഭിന്നമായി കുംഭമേളയിലെ ഒത്തുകൂടല്‍ 12 വര്‍ഷത്തിനിടയില്‍ തികച്ചും സാധാരണമായി സംഭവിക്കുന്ന ഒന്നാണ്. ഓരോ വ്യാഴവട്ടത്തിലും(12 വര്‍ഷം), സൂര്യന്‍, ചന്ദ്രന്‍, ഗുരു(വ്യാഴം) എന്നിവയുടെ സവിശേഷ സ്ഥിതി ആധാരമാക്കി കുംഭമേള ആചരിക്കപ്പെടുകയാണ്. പുരാണപ്രസിദ്ധമായ അമൃതമഥനത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ മഹത്തായ ഒത്തുകൂടല്‍ ഗംഗാതീരത്തെ ഹരിദ്വാര്‍, ക്ഷിപ്രാനദീ തീരത്തെ ഉജ്ജെയിന്‍, ഗോദാവരീ തീരത്തെ നാസിക്, ഗംഗാ-യമുന-സരസ്വതി സംഗമത്തിലെ(ത്രിവേണീ സംഗമം) പ്രയാഗ്രാജ് എന്നീ നാലു പുണ്യധാമങ്ങളിലായി മാറിമാറി വരുന്നു. പ്രഥമവും പ്രധാനവുമായി ഇത് സംന്യാസിമാരുടേയും ലോകമെമ്പാടും നിന്നുള്ള ഹിന്ദു ഭക്തന്മാരുടേയും പുണ്യകരമായ ഒത്തുകൂടലാണ്. ഭാരതത്തിന്റെ അന്തസ്സത്ത പലവിധത്തില്‍ കുംഭമേളയില്‍ ആഴത്തില്‍ ഇഴപിരിഞ്ഞു കിടക്കുന്നു. ചരിത്ര, സാംസ്‌കാരിക, നാഗരിക, സാമൂഹിക, രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒട്ടേറെക്കാര്യങ്ങളെ കുംഭമേള അസാമാന്യമാംവിധം ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇതിന്റെ മതപരവും ആത്മീയവുമായ സംഗതികള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത്രത്തോളം തന്നെ പ്രാധാന്യമുള്ള മറ്റു സംഗതികള്‍ വളരെ വിരളമായേ പരിഗണിക്കപ്പെട്ടിട്ടുള്ളൂ. ജനുവരി- ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന പ്രയാഗ്രാജ് കുംഭമേളയുടെ പശ്ചാത്തലത്തില്‍, ഈ ആത്മീയ സമ്മേളനത്തിന്റെ വളരെക്കുറച്ചുമാത്രം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള പ്രത്യേകതകള്‍, പ്രത്യേകിച്ചും ചരിത്രപരവും രാഷ്‌ട്രീയപരവുമായ പ്രാധാന്യം എടുത്തു കാട്ടുകയാണ് ഈ ലേഖനത്തില്‍.
കുംഭമേള ചരിത്രത്തില്‍
കാലാതീത നാഗരിക പ്രതിഭാസമായ കുംഭമേളയുടെ പൗരാണികത സംബന്ധിച്ച ആദ്യകാല ചരിത്ര പരാമര്‍ശങ്ങള്‍ ബിസിഇ നാലാം ശതകം മുതല്‍ സിഇ ആറാം ശതകം വരെ നീളുന്ന മൗര്യ, ഗുപ്ത കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയത്താണ് കുംഭമേള മധ്യകാലഘട്ടത്തിലെ ഏറ്റവും വര്‍ണാഭ മേളയായി മാറിയത്. പ്രത്യേകിച്ചും, തെക്കന്‍ ഭാരതത്തിലെ ചോള, വിജയനഗര സാമ്രാജ്യങ്ങളുടെ രക്ഷാകര്‍ത്തൃത്വം ഈ വിശുദ്ധ സമ്മേളനത്തെ പരിപോഷിപ്പിക്കുന്നതിലും അതിന്റെ സാംസ്‌കാരിക ധാരകളെ പുഷ്‌കലമാക്കുന്നതിലും വലിയ പങ്കുവഹിച്ചു.
കൊളോണിയല്‍ കാലഘട്ടത്തില്‍, യൂറോപ്യന്‍ നിരീക്ഷകര്‍ സവിശേഷ രീതിയില്‍ ചരിത്രപരമായ പ്രത്യേകതകള്‍ ക്രോഡീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തത് കുംഭമേളയ്‌ക്കു പുതിയ മാനം സമ്മാനിച്ചു. തീര്‍ത്ഥാടനത്തിന്റെ വ്യാപ്തിയും വൈവിധ്യവും ഗ്രഹിച്ച ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ചു പോയ വിശദമായ കണക്കുകള്‍ മഹാകുംഭമേളയുടെ ക്രമാനുഗത വളര്‍ച്ചയിലേക്ക് വിലപിടിപ്പുള്ള വിവരങ്ങള്‍ നല്‍കുന്നതായി. ബ്രിട്ടീഷ് കൊളോണിയല്‍ അധികാരിയായിരുന്ന ജയിംസ് പ്രിന്‍സെപ് 19-ാം നൂറ്റാണ്ടിലെ കുംഭമേളയുടെ വിശദ വിവരങ്ങള്‍, അനുഷ്ഠാനങ്ങള്‍, അതിബൃഹത്തായ സമ്മേളനങ്ങള്‍, ആ വന്‍ ജനസഞ്ചയത്തെ നിര്‍വചിക്കുന്ന സാമൂഹികവും മതപരവുമായ ചലനാത്മക വൈവിധ്യങ്ങള്‍ എന്നിവ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യ സമരവും കുംഭമേളയും
ബ്രിട്ടീഷ് കോളനി വാഴ്‌ച്ചയ്‌ക്കെതിരെ 1857-ല്‍ നടന്ന കലാപത്തില്‍, ഏറ്റവും ശക്തമായ പങ്കുവഹിച്ചത് കുംഭമേളയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അടുത്ത് ഇടപഴകിയിരുന്ന പ്രയാഗ്രാജ് നിവാസികള്‍ ആണെന്ന് ബ്രിട്ടീഷ് ആര്‍ക്കൈവ്സിലെ രേഖകള്‍ വ്യക്തമാക്കുന്നു. കോളനി സര്‍ക്കാരിനെ പ്രയാഗ്രാജുകാര്‍ ശക്തമായി എതിര്‍ക്കാന്‍ കാരണം ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് അവര്‍ നല്‍കിയിരുന്ന പിന്തുണയും, ‘അജ്ഞരായ സഹമതവിശ്വാസികള്‍’ എന്ന മുന്‍വിധിയില്‍ കുംഭമേളയ്‌ക്ക് എത്തുന്ന തീര്‍ത്ഥാടകരോടു വച്ചുപുലര്‍ത്തിയ നിഷേധാത്മക സമീപനവും ആണ്. ഹിന്ദു തീര്‍ത്ഥാടകരെ ക്രിസ്തുമതത്തിലേക്ക് മാര്‍ഗംകൂട്ടാന്‍ തീവ്രശ്രമമമാണ് കൊളോണിയല്‍ സര്‍ക്കാരിന്റെ ഒത്താശയോടെ നടന്നിരുന്നത്. കലാപത്തെ അടിച്ചമര്‍ത്താന്‍ നിയുക്തനായ കേണല്‍ നെയ്ല്‍ കുംഭമേള വേദിയെ പ്രത്യേകം ലക്ഷ്യം വയ്‌ക്കുകയും പ്രയാഗ്‌രാജിലെ താമസസ്ഥലങ്ങള്‍ക്കു നേരേ കനത്ത പീരങ്കി ആക്രമണം നടത്തുകയും ചെയ്തു. ഈ ആക്രമണത്തെ ചരിത്രകാരനായ മക്ലീന്‍ വിശേഷിപ്പിച്ചത് ”അലഹബാദില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നടത്തിയ കിരാതവും കുപ്രസിദ്ധവുമായ സൈനിക നടപടി” എന്നാണ്.
പ്രയാഗില്‍, റാണി ലക്ഷ്മിഭായ് ഒരു പ്രയാഗ്രാജ് കുടുംബത്തിനൊപ്പം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണമായിരുന്നു 1857-ലേത് എന്നതിനു ചരിത്രരേഖകള്‍ തെളിവുതരുന്നു. ഈ കലാപത്തിലെ ശ്രദ്ധേയമായ ഒരു സംഭവം, അന്നത്തെ പോലീസ് ആസ്ഥാനത്തിനു സമീപം ഒരു ക്രിസ്ത്യന്‍ പള്ളിയിലെ ഓട്ടുമണി ഒരു പ്രയാഗ്രാജുകാരന്‍ തകര്‍ത്തതാണ്. ഇതിന് ബ്രിട്ടീഷുകാര്‍ ആ മനുഷ്യനെ തൂക്കിലേറ്റി. പല പ്രയാഗ്രാജുകാരും പിന്നീട് സ്വാതന്ത്ര്യസമര പോരാളികളായി അംഗീകരിക്കപ്പെട്ടു. അവരുടെ പേരുകള്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി. മാഘ, പ്രയാഗ് കുംഭമേളകളിലെ സംഘടിത പ്രതിരോധ സ്വഭാവമുള്ള വന്‍ജനക്കൂട്ടം ബ്രിട്ടീഷുകാരെ സദാ പരിഭ്രാന്തരാക്കിയിരുന്നു. സമാധാനം പുനഃസ്ഥാപിതമായ ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രയാഗ്രാജുകാരെ കഠിനശിക്ഷകള്‍ക്കു വിധേയമാക്കി. പലരേയും തൂക്കിലേറ്റിയപ്പോള്‍, മതിയായ തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കാന്‍ കഴിയാതെ പോയവരെ നിരന്തര പീഡനത്തിന്
ഇരകളാക്കി. ഗംഗാ-യമുനാ സംഗമസ്ഥാനത്തെ കുംഭമേള ഭൂമികള്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത് സൈനിക കേന്ദ്രങ്ങളാക്കി മാറ്റി. കലാപാനന്തര കുംഭമേളകളില്‍ തീര്‍ത്ഥാടകരും പ്രയാഗ്വാസികളും തങ്ങള്‍ നേരിട്ട യുദ്ധ, വംശീയ അന്യായങ്ങളുടെ സ്മരണയില്‍ പോരാട്ട പ്രതീകമായ കൊടികളുമായാണ് എത്തിയിരുന്നത്. കുംഭമേളയിലെ തീര്‍ത്ഥാടക സഞ്ചയത്തെ ‘അവിശ്വാസമോടെ കാണേണ്ട, പ്രതിഷേധം പേറുന്ന ശത്രുനിര’ എന്ന രീതിയിലാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
1855-ലെ ഹരിദ്വാര്‍ കുംഭമേളയില്‍ അരങ്ങേറിയ സംഭവങ്ങള്‍ എങ്ങനെയാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു നിമിത്തമായി തീര്‍ന്നതെന്നും അതില്‍ താന്‍ വഹിച്ച നിര്‍ണായക പങ്കിനെപ്പറ്റിയും മഹര്‍ഷി ദയാനന്ദ സരസ്വതി ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. പിണ്ഡിദാസ് ജ്ഞാനി രചിച്ച ‘1857ലെ സ്വാതന്ത്ര്യപ്രക്ഷോഭവും അതില്‍ സ്വരാജ്യ പ്രവര്‍ത്തകന്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ക്രിയാത്മക സംഭാവനയും’ എന്ന ഹിന്ദി ഗ്രന്ഥത്തില്‍, പ്രക്ഷോഭ നേതാക്കളുമായി മഹര്‍ഷി നടത്തിയ കൂടിക്കാഴ്ചകളും കുംഭമേളയെ പ്രക്ഷോഭ വേദിയാക്കുന്നതില്‍ അദ്ദേഹം നടത്തിയ ആസൂത്രണങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാലാണ്, മഹര്‍ഷി ദയാനന്ദ സരസ്വതിയെ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യശില്‍പ്പി എന്നു വിശേഷിപ്പിക്കുന്നത്.
(സണ്‍ഡേ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
അടുത്ത ഭാഗം : മഹാത്മജിയുടെ രാഷ്‌ട്രീയ അരങ്ങേറ്റവും കുംഭമേളയും
(പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: