ന്യൂദെൽഹി:കണ്ണൂരുകാരിയായ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്ക് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം. ഒരു തുള്ളി ചോര വീഴ്‌ത്താതെ ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടത്തിയ മലയാളി പോലീസ് ഉദ്യോഗസ്ഥയെയാണ് വോട്ടേഴ്സ് ദിനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദരിച്ചത്. ഝാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ല പോലീസ് സൂപ്രണ്ട് ആയ റീഷ്മ രമേശൻ ഐപിഎസ് എന്ന കണ്ണൂരുകാരിയെ തേടിയാണ് ഈ ബഹുമതി എത്തിയത്. 2020ൽ കേരളത്തിൽനിന്നാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥ ഝാർഖണ്ഡിലേക്ക് കേഡർ മാറി ചാർജ് എടുക്കുന്നത്. കണ്ണൂരിലെ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് പേരുകേട്ട കതിരൂർ സ്വദേശിയായ റീഷ്മ ഡോ. രമേശന്റെയും ഡോ. രോഹിണി രമേശന്റെയും മകളാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ റീഷ്മ രമേശൻ അങ്കമാലി ഫിസാറ്റിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം നേടി 2017 ബാച്ചിലാണ് ഐപിഎസ് നേടിയത്. കേരള കാഡർ ഉദ്യോഗസ്ഥയായിരുന്ന റീഷ്മ ഝാർഖണ്ഡ് സ്വദേശിയായ ഐപിഎസ് ഉദ്യോഗസ്ഥൻ അഞ്ജലി അഞ്ജനെ വിവാഹം കഴിച്ച ശേഷമാണ് ഝാർഖണ്ഡിലേക്ക് കാഡർ മാറിയത്. അഞ്ജലി അഞ്ജൻ ആൻ്റി കറപ്ഷൻ ബ്യൂറോ എസ്പിയാണ്. പെരിന്തൽമണ്ണ എഎസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. കണ്ണൂരിൽ നർക്കോട്ടിക് സെൽ എഎസ്പി ആയും സേവനമനുഷ്ഠിച്ചിരുന്നു. മാവോവാദികളുടെ ശക്തികേന്ദ്രമായ പലാമുവിൽ 2021 20 ലാണ് റീഷ്മ ചാർജ് എടുക്കുന്നത്. പിന്നീട് അങ്ങോട്ട് ശക്തരായ മാവോയിസ്റ്റ് സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തുകയായിരുന്നു റീഷ്മ. സർക്കാർ 10 ലക്ഷം വിലയിട്ട മാവോവാദിയെയും ഒതുക്കിയ റീഷ്മ മൂന്ന് ദശാബ്ദത്തിന് ശേഷം ഝാർഖണ്ഡിലെ പലാമു ജില്ലയിൽ സമാധാനപരമായി ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ സാധ്യമാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റീഷ്മയെ ആദരിച്ചത്. 2019 തിരഞ്ഞെടുപ്പിൽ ബൂത്തിന് പുറത്ത് സംഘർഷം ഉണ്ടായപ്പോൾ സ്ഥാനാർഥി തന്നെ റൈഫിൾ പുറത്തെടുത്തത് വലിയ വാർത്തയായ പ്രദേശമാണ് പലാമു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: