Entertainment

കർണാടക സർക്കാരിന്റെ പുരസ്കാരം നിരസിച്ച് കിച്ച സുദീപ്

Published by

ബം​ഗളൂരു: കർണാടക സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നിരസിച്ച് നടൻ കിച്ച സുദീപ്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് നടൻ പുരസ്കാരം നിരസിച്ചത്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ എടുത്ത തീരുമാനമാണെന്നും മികച്ച നടനായി തന്നെ തിരഞ്ഞെടുത്ത ജൂറിയോട് നന്ദിയുണ്ടെന്നും കിച്ച സുദീപ് എക്സിലൂടെ അറിയിച്ചു.

“കർണാടക സർക്കാ‌രിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഒരു പദവിയാണ്. അതിന് എല്ലാ ജൂറി അം​ഗങ്ങളോടും നന്ദി അറിയിക്കുന്നു. എന്നാൽ, അവാർഡുകൾ സ്വീകരിക്കില്ലെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. പുരസ്കാരങ്ങളും അം​ഗീകാരവുമൊന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ എപ്പോഴും അഭിനയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അം​ഗീകാരം എനിക്ക് പ്രചോദനം നൽകുന്നു.

എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ തീരുമാനം ജൂറി അംഗങ്ങളെയോ സർക്കാരിനെയോ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. എന്റെ തീരുമാനത്തെ നിങ്ങൾ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നു. എന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നു”. -കിച്ച സുദീപ് എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് 2019-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. 2019 ൽ റിലീസ് ചെയ്ത ‘പൈൽവാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ച സുദീപിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ത്രയംബകം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അനുപമ ​ഗൗഡയാണ് മികച്ച നടിയ്‌ക്കുള്ള പുരസ്കാരത്തിന് അർഹയായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by