വാഷിങ്ടൻ ; മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ നൽകിയ അപ്പീൽ ഹർജി തള്ളിയാണ് നിർണായക ഉത്തരവ്.
ഇന്ത്യയ്‌ക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്.ഡിസംബർ 16 ന്, യുഎസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ ഹർജി നിരസിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഡിസംബർ 23 ന് റാണയുടെ അഭിഭാഷകൻ ജോഷ്വ എൽ ഡ്രാറ്റൽ യുഎസ് സർക്കാരിന്റെ ശുപാർശയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ റിട്ട് അംഗീകരിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യുക.2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്‌ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: