മാനന്തവാടി : വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ഊര്‍ജിത നീക്കങ്ങളുമായി അധികൃതര്‍. പഞ്ചാരക്കൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
നരഭോജി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. നോര്‍ത്ത് വയനാട് ഡി എഫ് ഒക്കാണ് മേല്‍നോട്ട ചുമതല. കടുവയെ തിരിച്ചറിയാന്‍ കാമറ ട്രാപ്പുകള്‍ സജ്ജീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തും. പ്രദേശത്ത് ആര്‍ ആര്‍ ടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തിരച്ചിലിനായി കുങ്കിയാനകളെ എത്തിക്കും. കടുവയ്‌ക്കായി വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സംഘം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം.
രാവിലെ വനത്തോടു ചേർന്നു പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അൽപ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുൽപള്ളി അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വർഷം ആദ്യമായാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക