ന്യൂദെൽഹി:ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ സുരക്ഷാ വിഭാഗത്തിൽ നിന്നും പഞ്ചാബ് പോലീസിനെ പിൻവലിച്ചു. ദെൽഹി പോലീസിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിർദ്ദേശങ്ങളെ തുടർന്നാണ് പഞ്ചാബ് പോലീസ് ഘടകത്തെ കെജ്രിവാളിന്റെ സുരക്ഷാ വിഭാഗത്തിൽനിന്ന് ഞങ്ങൾ പിൻവലിച്ചതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിനും അരവിന്ദ് കെജ്രിവാളിനും നേരെയുള്ള ഭീഷണിയെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിക്കാറുണ്ടെന്നും ഇത് ബന്ധപ്പെട്ട ഏജൻസികളുമായി ഞങ്ങൾ പങ്കിടാറുണ്ടെന്നും തീരുമാനം അറിയിച്ചുകൊണ്ട് ഡിജിപി യാദവ് പറഞ്ഞു. ഞങ്ങളുടെ ആശങ്കകൾ അവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ ദെൽഹി പോലീസുമായി പങ്കിടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെജരിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ചിരുന്നു. പ്രചാരണ രംഗത്തുണ്ടായിരുന്ന ബിജെപി സ്ഥാനാർഥി പർവേഷ് വർമയുടെ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് പാർട്ടി ആരോപിച്ചിരുന്നു. ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ പ്രവർത്തകർ കെജ്രിവാളിനെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നതായും രഹസ്യന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയതായി പഞ്ചാബ് പോലീസ് പറയുന്നു. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഖാലിസ്ഥാൻ അനുകൂലികളായ ഭീകരർ കെജ്രിവാളിനെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചതായാണ് പഞ്ചാബ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: