Kerala

ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാര്‍ഹം: കെ.സുരേന്ദ്രന്‍

സിപിഐക്ക് പോലും മുഖ്യമന്ത്രിയും മന്ത്രി എംബി രാജേഷും പറയുന്നത് മനസിലാവുന്നില്ല

Published by

തിരുവനന്തപുരം:ഒയാസിസ് കമ്പനിക്ക് കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ന്യായീകരണം പ്രതിഷേധാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി നടത്താന്‍ പിണറായി വിജയന്‍ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു. മദ്യ കമ്പനി തുടങ്ങാന്‍ ടെന്‍ഡര്‍ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയില്‍ കനമുള്ളത് കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐക്ക് പോലും മുഖ്യമന്ത്രിയും മന്ത്രി എംബി രാജേഷും പറയുന്നത് മനസിലാവുന്നില്ല. നായനാരുടെ കാലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന മദ്യനയം മന്ത്രിസഭയില്‍ പോലും ആലോചിക്കാതെ തിരുത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. പാലക്കാട്ടുകാരുടെ കുടിവെള്ളം മുടക്കി് വേണോ മദ്യപ്പുഴ ഒഴുക്കാനെന്ന ജനങ്ങളുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം.

പിപിഇ കിറ്റ് അഴിമതി മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ഒരു ഉളുപ്പുമില്ലാതെയാണ്. ലോകം മുഴുവന്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ അത് മുതലാക്കി തട്ടിപ്പ് നടത്തിയ പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാള്‍ വലിയ തൊലിക്കട്ടിയാണുള്ളത്. സംസ്ഥാനത്തെ ആരോഗ്യരംഗം ഇത്രയും അധപതിച്ച കാലം വേറെ ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ ഇല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ സിപിഎം ക്രിമിനലുകളെ അനധികൃതമായി തിരുകിക്കയറ്റി സംഘര്‍ഷ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ അട്ടിമറിച്ചു. സംസ്ഥാനത്ത് ജീവിക്കുന്നത് തന്നെ നരകതുല്യമായ അവസ്ഥയായിരിക്കുകയാണന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക