തിരുവനന്തപുരം: ഒരു മാസം റേഷന്‍ കടകളിലൂടെ ഏകദേശം 11,54,000 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നുണ്ടെന്നും റേഷന്‍ വ്യാപാരികള്‍ക്ക് ഒരു മാസം കമ്മീഷന് നല്‍കുന്നതിന് 33.5 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി ജി. ആര് അനില്‍. കോവിഡ് സമാശ്വാസ കിറ്റ് വിതരണം നടത്തിയ വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് 39.46 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 17.22 കോടി, 8.46 കോടി, 13.96 കോടി എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ് തുക നല്‍കിയിട്ടുള്ളത്.
ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷന്‍ വ്യാപാരികള്‍ക്ക് നിലവില്‍ ലഭിച്ചു വരുന്ന ശരാശരി കമ്മീഷന് 300 രൂപയാണ്. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന കമ്മീഷന് നിരക്കാണ്.
വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റലിന് 107 രൂപയാണ്. റേഷന്‍ സാധനങ്ങളുടെ ഗതാഗത കൈകാര്യ ചെലവുമായി ബന്ധപ്പെട്ടും ചെലവാകുന്ന ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: