ന്യൂദല്‍ഹി: ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ഇന്ത്യയുടെ ഓട്ടോമൊബൈല്‍ രംഗത്തുള്ള ആത്മനിര്‍ഭര്‍ ഭാരത് ശ്രമങ്ങളുടെ നേര്‍ക്കാഴ്ചയാണ്. പണ്ട് ഓട്ടോ എക്സ്പോ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഷോ ആണ് ഇപ്പോള്‍ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 എന്ന പേരില്‍ ദല്‍ഹിയില്‍ നടക്കുന്നത്. ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളും വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമാണ് ഈ ഷോയില്‍ എത്തുക. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഓട്ടോമൊബൈല്‍ രംഗത്തും നിര്‍മ്മാണം ഇന്ത്യയില്‍ എന്ന സങ്കല്‍പമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്നത്. വിദേശകമ്പനികളും പ്രദര്‍ശനത്തിനെത്തും. പുതിയ വാഹനങ്ങള്‍, പുതിയ പാര്‍ട്സുകളോ ടെക്നോളജികളോ എല്ലാം ദല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ നടക്കുന്ന ഈ ഷോയില്‍ പ്രദര്‍ശിപ്പിക്കും.
ഈ ഷോ നടക്കുന്നതിനിടയില്‍ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ സ്റ്റാള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി എത്തിയപ്പോള്‍ അതേക്കുറിച്ച് ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമത്തില്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമായത്. “ആരാ ഈ വന്നിരിക്കുന്നത്. ഷാരൂഖ് ഖാനോ ദീപികാ പദുക്കോണോ അല്ല. ഞങ്ങളുടെ പുതിയ ഇലക്ട്രിക് എസ് യുവി കാണാന്‍ ആരാണ് വന്നിരിക്കുന്നത് പ്രധാനമന്ത്രി മോദി തന്നെ. കാരണം അദ്ദേഹം എപ്പോഴും കണ്ണുനട്ടിരിക്കുന്നത് ഭാവിയിലേക്കാണ്.”- ഇതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്. കുറിപ്പിനൊപ്പം മോദി മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി കാണുന്നതിന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
ഇവിടെ ഗ്ലാമര്‍ ഉള്ള ബോളിവുഡ് താരങ്ങളല്ല, തന്റെ പവലിയനില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ടെക്നോളജി കാണാന്‍ എത്തിയിരിക്കുന്നത് ഏറ്റവും യോഗ്യതയുള്ള ആള്‍ തന്നെ എന്നാണ് ആനന്ദ് മഹീന്ദ്ര ഈ പോസ്റ്റിലൂടെ പറയുന്നത്.
പുതിയ കാലത്തെ വാഹനസങ്കല്‍പങ്ങള്‍ വിളിച്ചോതുന്ന ബൈക്കുകള്‍, സൂപ്പര്‍ ബൈക്കുകള്‍, കാറുകള്‍, ബസുകള്‍, ആംബുലന്‍സുകള്‍ തുടങ്ങി വിവിധ നൂതന വാഹനങ്ങളും പുതുപുത്തന്‍ കട്ടിംഗ് എഡ്ജ് മൊബിലിറ്റി സൊലൂഷനുകളും ഇവിടെ കാണാനാവും. നിരവധി പുതിയ ഇവി മോഡലുകളും കണ്‍സെപ്റ്റ് മോഡലുകളും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക