ന്യൂദൽഹി: ദൽഹി മുൻ മുഖ്യമന്തിയും എഎഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ കിഴക്കൻ കിദ്‌വായ് നഗറിൽ നിയമവിരുദ്ധമായി വോട്ടർമാരെ സ്വാധീനിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. പ്രദേശത്തെ ആർഡബ്ല്യുഎകൾക്ക് കസേരകൾ വിതരണം ചെയ്തുകൊണ്ട് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മയാണ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് അരവിന്ദ് കേജ്‌രിവാളിനെതിരെ ദൽഹി പോലീസിൽ അദ്ദേഹം പരാതി നൽകി.
വർമ്മയുടെ തിരഞ്ഞെടുപ്പ് വക്താവായ സന്ദീപ് സിംഗ് സമർപ്പിച്ച പരാതിയിൽ ഭരണകക്ഷി, റസിഡന്റ് വെൽഫെയർ അസോസിയേഷന് (ആർഡബ്ല്യുഎ) നിയമവിരുദ്ധമായി കസേരകൾ വിതരണം ചെയ്തു എന്ന് ആരോപിക്കുന്നുണ്ട്. പർവേഷ് വർമ്മയുടെ ഓഫീസ് ഈ പ്രവൃത്തിയെ നിയമത്തോടും മാതൃകാ പെരുമാറ്റച്ചട്ടത്തോടും (എംസിസി) നഗ്നമായ അവഗണന എന്നാണ് വിശേഷിപ്പിച്ചത്. വോട്ടർമാർക്ക് ഭൗതിക വസ്തുക്കൾ നൽകാൻ പാർട്ടി പ്രവർത്തകരെ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), അഴിമതി നിരോധന നിയമം, എംസിസി എന്നിവയുടെ നേരിട്ടുള്ള ലംഘനമാണ്. വോട്ടർമാരെ സ്വാധീനിക്കാൻ എഎപി നേതൃത്വം എങ്ങനെ അനീതിപരമായ രീതികൾ അവലംബിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പരാതിയിൽ പറയുന്നു.
അഴിമതി പ്രവൃത്തികൾ നിയമവിരുദ്ധമായി സ്വീകരിച്ചതിനും വോട്ടർമാരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയതിനും അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർക്കും എതിരെ പരാതി നൽകിയിട്ടുണ്ട്. എംസിസിയുടെ പരസ്യമായ ലംഘനത്തിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ആർപി (ജനപ്രാതിനിധ്യം) നിയമത്തിലെയും മറ്റ് നിയമങ്ങളിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്നുവെന്നും അതിൽ പറയുന്നു. ബിജെപി നേതാവ് ഈ പ്രവൃത്തിയുടെ വീഡിയോ ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്. ഒരു ട്രോളിയിൽ ധാരാളം കസേരകൾ ചുമന്നുകൊണ്ടുപോയ എഎപി പ്രവർത്തകരെ വീഡീയോയിൽ കാണാനാകും. അവ വിതരണം ചെയ്യാൻ അരവിന്ദ് കെജ്‌രിവാൾ തന്നെ അയച്ചതാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അരവിന്ദ് കെജ്‌രിവാൾ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഎപി നേതാവിനും ഉൾപ്പെട്ട പ്രവർത്തകർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആരോപണവിധേയമായ കുറ്റകൃത്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പർവേഷ് വർമ്മ പരാതിയിൽ ആവശ്യപ്പെട്ടു. കൂടാതെ ജനാധിപത്യത്തിൽ ഇത്തരം അഴിമതി നടപടികൾ അനുവദിക്കാൻ പാടില്ലെന്നും പരാതിയിൽ പറയുന്നു.
ഫെബ്രുവരി 5 ന് ഒറ്റ ഘട്ടമായി നടക്കേണ്ട ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് പരാതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക