Kerala

നവജാത ശിശുവിന്റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ സംഭവത്തില്‍ കേസെടുത്തു

തുടയില്‍ പഴുപ്പ് ഉണ്ടായതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്റീമീറ്റര്‍ നീളമുളള സൂചിക്കഷ്ണം കണ്ടത്

Published by

കണ്ണൂര്‍:ഇരുപത്തി അഞ്ച് ദിവസം മാത്രം പ്രായമുളള കുഞ്ഞിന്റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി അച്ഛന്‍ ശ്രീജു നല്‍കിയ പരാതിയിലാണ് നടപടി. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കെതിരെയാണ് കേസ്.

കുഞ്ഞിന്റെ കാലില്‍ 24 ദിവസത്തോളം സൂചി ഉണ്ടായിരുന്നു എന്നാണ് എഫ്‌ഐആര്‍. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധത്തിലുള്ള അശ്രദ്ധമായ പ്രവൃത്തിയെന്ന ഭാരതീയ ന്യായ സംഹിതയിലെ 125 വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.എന്നാല്‍ ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. പരാതി അന്വേഷിക്കാന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചു.

തുടയില്‍ പഴുപ്പ് ഉണ്ടായതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്റീമീറ്റര്‍ നീളമുളള സൂചിക്കഷ്ണം കണ്ടത്. ജനിച്ച് രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കല്‍ കോളേജില്‍ കാണിച്ചിട്ടും കുറഞ്ഞില്ലെന്നും തുടര്‍ന്നാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതെന്നും കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു.ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുത്തപ്പോഴാണ് സൂചി പുറത്തുവന്നതെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക